Sunday, April 21, 2013

തിങ്കളാഴ്ച ഇന്റര്‍നെറ്റ്‌ നിശ്ചലമാകുമോ ?



ദിവസങ്ങളായി ലോകമെമ്പാടുമുള്ള പലരും ആകംഷപൂര്‍വ്വം ആലോചിക്കുന്ന ഒരു കാര്യമാണിത്. കാരണം, അനോണിമസ് എന്ന ഹാക്കര്‍ സംഘം വീണ്ടും ഒരു സൈബര്‍ ആക്രമണത്തിന് ഒരുങ്ങുന്നു എന്ന് വാര്‍ത്ത‍ പുറത്തുവന്നിരിക്കുന്­നു. ഇപ്പോഴത്തെ ഈ ആക്രമണപരിപാടി തയ്യാറാക്കാനുള്ള കാരണം CISPA എന്ന പുതിയ നിയമമാണ്. (പൂര്‍ണ്ണരൂപം ഇവിടെ : http://www.gpo.gov/­fdsys/pkg/­BILLS-113hr624ih/pdf/­BILLS-113hr624ih.pdf)

അമേരിക്കന്‍ പ്രതിനിധിസഭ രണ്ടു ദിവസം മുന്‍പാണ്‌ (ഏപ്രില്‍ 18) CISPA (Cyber Intelligence Sharing and Protection Act) എന്ന ബില്‍ പാസ്സാക്കിയത്.  ഈ ബില്‍ പ്രകാരം കമ്പനികള്‍ക്ക് നിലവിലുള്ള നിയമങ്ങളെ എല്ലാം മറികടന്നുകൊണ്ട്‌ തങ്ങളുടെ ഉപഭോക്താക്കളുടെ ആശയവിനിമയങ്ങളില്‍ കൈകടത്താനും, അവരുടെ വിവരങ്ങള്‍ ഗവണ്‍മെന്റിന് കൈമാറാനും സാധിക്കും. 'അതൊക്കെ അങ്ങ് അമേരിക്കയിലല്ലേ ? അതിനു നമുക്കെന്താ കുഴപ്പം? 'എന്ന് വിചാരിക്കുന്നവര്‍ ഒന്ന് ശ്രദ്ധിച്ചോളു.. ഈ ബില്‍ അമേരിക്കയിലെ എല്ലാ കമ്പനികള്‍ക്കും ബാധകമാണ് അങ്ങനെ വരുമ്പോള്‍ നമ്മുടെ ഗൂഗിളും, ഫേസ്ബുക്കും ഒക്കെ ഇതിനു കീഴില്‍ വരും. ഈ ബില്‍ കോടിക്കണക്കിനു വരുന്ന ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റം ആണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ­് അനോണിമസ് ഇങ്ങനെ ഒരു ആക്രമണ പരിപാടിക്ക് രൂപം കൊടുത്തത്. വിവിധ സന്നദ്ധ സംഘടനകളും CISPAക്കെതിരായി രംഗത്തുവന്നിട്ടുണ്ട്­.

അനോണിമസ് #StopCISPA #CISPAblackOut എന്നീ രണ്ടു പരിപാടികളാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതില്‍ അമേരിക്കന്‍ ജനപ്രധിനിധി സഭയിലെ അംഗമായ മൈക്ക് റോജേഴ്സിന് ഫോണിലും. ഫേസ്ബൂകിലും, ട്വിട്ടെരിലും സ്പാം മെസ്സേജുകള്‍ അയക്കാനും, ട്രാഫിക്‌ ചിഹ്നങ്ങളില്‍ '#Anonymous Warns VOTE NO on CISPA!!! #StopCISPA #CISPAblackOut, Your privacy is at stake! #StopCISPA' എന്നീ സന്ദേശങ്ങള്‍ പതിക്കാനും പദ്ധതിയിടുന്നു. ഇലക്ട്രോണിക് ട്രാഫിക്‌ സിഗ്നലുകള്‍ എങ്ങനെ ഹാക്ക് ചെയ്യാമെന്ന് പടിപ്പിച്ചുതരുന്ന ഒരു വെബ്സൈറ്റ് ലിങ്കും അവര്‍ നല്‍കിയിരിക്കുന്നു. ഇതിന്റെയെല്ലാം ഫോട്ടോകള്‍ എടുത്ത് പിറ്റേന്ന് ഇന്റര്‍നെറ്റില്‍ ഉടനീളം പോസ്റ്റ്‌ ചെയ്യാനും ആലോചിക്കുന്നു. Apple, Symantec, verisign, മുതലായ പ്രമുഖ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് തങ്ങളുടെ സന്ദേശം അവിടെ പ്രദര്‍ശിപ്പിക്കാനും­ അനോണിമസ് അണികളോട് ആഹ്വാനം ചെയ്തു.


ട്വിറ്റെര്‍സ്ട്രോം എന്ന പേരില്‍ സെനറ്റിന്റെയും, CISPAയെ അനുകൂലിക്കുന്നവരുടെയ­ും ട്വിറ്റെര്‍ അക്കൗണ്ടുകള്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആക്രമിക്കാനും അവര്‍ ആലോചിക്കുന്നു.ഇതിനെപ­്പറ്റി അണികള്‍ക്ക് വിവരം നല്കാന്‍ അനോണിമസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ഹാക്ക് ചെയ്യാനായി നൂറുകണക്കിന് വെബ്സൈറ്റ് കളും സ്പാം ചെയ്യാനായി ഫോണ്‍ നമ്പരുകളും ഉണ്ട്.


എങ്കിലും തിങ്കളാഴ്ച എന്ത് സംഭവിക്കുമെന്ന് കണ്ടു തന്നെ അറിയണം. കാരണം മുന്പ് ഡി എന്‍ എസ് ചേഞ്ചര്‍ എന്ന മാല്‍വെയര്‍ ഇന്റര്‍നെറ്റിനെ നിശ്ചലമാക്കും എന്ന് എല്ലാവരും പറഞ്ഞെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. അതുമായി ഇതിനെ താരതമ്യപ്പെടുത്താന്‍­ കഴിയുമോ എന്ന് അറിയില്ല എങ്കിലും നാം കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്ന­ു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനപ്രദമായി എന്ന് കരുതുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.



Wednesday, April 10, 2013

നിങ്ങളുടെ പാസ്സ്‌വേര്‍ഡുകള്‍ മറന്നേക്കൂ, പുതിയ സാങ്കേതികവിദ്യ വരുന്നു

പാസ്സ്‌വേര്‍ഡ്‌ സുരക്ഷ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഒരു ചര്ച്ചവിഷയമാണ്. ഒരു നല്ല പാസ്സ്‌വേര്‍ഡില്‍ അക്ഷരങ്ങളും, അക്കങ്ങളും, ചിഹ്നങ്ങളും ഒക്കെ ആവശ്യമാണ്. സുരക്ഷ പിന്നെയും ഉറപ്പുവരുത്താനായി ഇനിയും ധാരാളം വഴികള്‍ ഉണ്ട്. എങ്കില്‍  നാം ഓരോ പ്രാവശ്യവും കമ്പ്യൂട്ടറിലോ മൊബൈല്‍ ഫോണിലോ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുന്നതിനു പകരം നമ്മുടെ പാസ്സ്‌വേര്‍ഡ്‌ വെറുതെ മനസ്സില്‍ ഓര്‍ത്താല്‍ മതിയായിരുന്നുവെങ്കിലോ ? എത്ര എളുപ്പമായിരിക്കും അല്ലേ ?

ഇതുതന്നെയാണ് ബെര്‍കെലി സ്കൂള്‍ ഓഫ് ഇന്‍ഫര്‍മേഷനിലെ ഗവേഷകനായ പ്രൊഫസര്‍ ജോണ്‍ ഷ്വാങ്ങും സംഘവും ആലോചിച്ചത്. അവരുടെ ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ട്‌ അനുസരിച്ച് അത് സാധ്യമാണ്.



ഇത് എങ്ങനയാണ് സാധ്യമാകുന്നത് എന്ന് നോക്കാം. 1980 കളില്‍ തന്നെ പാസ്സ്‌വേര്‍ഡ്‌കള്‍ക്ക് പകരം ബയോമെട്രിക് രീതിയികള്‍ ഉപയോഗിക്കാം എന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. വിരലടയാളം, റെറ്റിന സ്കാന്‍, സ്വരം എന്നിവ ഇപ്പോള്‍ തന്നെ ഉപയോഗിച്ച് വരുന്നവയാണ്. കാരണം വിരലടയാളം പോലെയുള്ള രീതികള്‍ ഉപയോഗിക്കല്‍ എളുപ്പവും മോഷ്ടിക്കാന്‍ വിഷമവും ആണ്. അതുകൊണ്ടുതന്നെ അത് ജനപ്രീതിയാര്‍ജിച്ചു. പക്ഷെ ഇത്തരം സംവിധാനങ്ങള്‍ ചെലവേറിയതും വേഗത കുറഞ്ഞതും ആണ്.

ഈയടുത്ത കാലത്ത് ഇലക്ട്രോഎന്‍സെഫലോഗ്രാം (EEG) അല്ലെങ്കില്‍ ബ്രെയിന്‍ വേവുകള്‍ വിരലടയലങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ധാരാളം ഗവേഷണങ്ങള്‍ നടന്നു. പക്ഷെ അതിനുപയോഗിക്കുന്ന ഉപകരണങ്ങള്‍ ചെലവേറിയതായതിനാല്‍ അനിദിന ജീവിതത്തില്‍ അതിന്റെ ഉപയോഗം സാധ്യമല്ലാതായി. ഓരോ പ്രാവശ്യവും ഇമെയില്‍ നോക്കുന്നതിനു മുന്പ് കുറെ വയറുകള്‍ തലയില്‍ ഒട്ടിച്ചു വെക്കുന്നത് ആര്‍ക്കും ഇഷ്ടമാവില്ല. അല്ലേ ?

ഇതിനു പരിഹാരമായി ന്യുറോസ്കൈ മൈന്‍ഡ്സെറ്റ്  എന്ന ഒരു ചെറിയ ഹെഡ്സെറ്റ് പോലെയുള്ള ഉപകരണം ആണ് ഗവേഷകര്‍ ഉപയോഗിച്ചത്. ഇത് പ്രായോഗികമാണോ എന്ന് കണ്ടെത്തുന്നതിനായി അവര്‍ കുറെ ഏറെ പരീക്ഷണങ്ങള്‍ നടത്തി. അതിനെപ്പറ്റി ഇവിടെ വായിക്കാം. അവര്‍ പ്രതീക്ഷിച്ചതിലും ഏറെ നന്നായി അത് പ്രവര്‍ത്തിക്കുന്നു എന്നാണ് ഗവേഷകരുടെ അഭിപ്രായം.

ഏതായാലും ഭാവി കമ്പ്യൂട്ടറുകളില്‍ ഈ വിദ്യ തീര്‍ച്ചയായും ഉപയോഗപ്രദം ആണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. കൂടുതല്‍ കൃത്യത ഉള്ളതും, ചെലവ് കുറഞ്ഞതും, സുരക്ഷിതവും ആയ ഒരു മാര്‍ഗം ആണ് ഇതും എന്നും പറയപ്പെടുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനപ്രദമായി എന്ന് കരുതുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ എഴുതുക.



വിന്‍ഡോസ്‌ എക്സ് പി യുഗം അവസാനിക്കുന്നു

മൈക്രോസോഫ്റ്റിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ വിജയകരമായ ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരുന്ന വിന്‍ഡോസ്‌ എക്സ് പിയുടെ യുഗം അവസാനിക്കുന്നു. 2001 ഒക്ടോബറിലാണ് വിന്‍ഡോസ്‌ എക്സ് പി പുറത്തിറങ്ങിയത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍
ഉപയോഗിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം ഏതാണ് എന്ന് ചോദിച്ചാല്‍ നിസ്സംശയമായും വിന്‍ഡോസ്‌ എക്സ് പി എന്ന് പറയാന്‍ കഴിയും. എക്സ് പിയോടൊപ്പം ഓഫീസ് 2003 ന്റെയും സപ്പോര്‍ട്ട് മൈക്രോസോഫ്റ്റ്‌ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

2002 ല്‍ മൈക്രോസോഫ്റ്റ്‌ പുറത്തിറക്കിയ സപ്പോര്‍ട്ട് ലൈഫ്സ്റ്റൈല്‍ പോളിസി അനുസരിച്ച്, കൃത്യമായി പറഞ്ഞാല്‍ 2014 ഏപ്രില്‍ 8 ന് ഈ സോഫ്റ്റ്‌വെയറുകളുടെ സപ്പോര്‍ട്ട് പൂര്‍ണ്ണമായി നിര്‍ത്തലാക്കാന്‍ ആണ് മൈക്രോസോഫ്റ്റ്‌ തീരുമാനിച്ചിരിക്കുന്നത്. "ഇനിയും നിങ്ങള്‍ ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറിയിട്ടില്ലെങ്കില്‍ നിങ്ങള്‍ താമസിച്ചുപോയി" എന്ന് മൈക്രോസോഫ്റ്റ്‌ സീനിയര്‍ പ്രോഡക്റ്റ് മാനേജര്‍ സ്റ്റീഫന്‍ റോസ് ഒരു ബ്ലോഗ്‌ പോസ്റ്റിലൂടെ പറയുകയുണ്ടായി.അതിനു ശേഷം ഈ സോഫ്റ്റ്‌വെയറുകള്‍ക്ക്  യാതൊരു വിധത്തിലും ഉള്ള സെക്യൂരിറ്റി അപ്ഡേറ്റുകളും മൈക്രോസോഫ്റ്റില്‍ നിന്ന് ലഭിക്കുന്നതല്ല. നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് എക്സ് പി പോലെ ഒരു പഴയ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കാന്‍ വിന്‍ഡോസ്‌ 7നേക്കാള്‍ അഞ്ചിരട്ടി ചെലവ് വരുമെന്ന് ഒരു പഠനം തെളിയിക്കുന്നു.നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 2017 ഏപ്രില്‍ 11ന് വിന്‍ഡോസ്‌ 7ന്റെയും സപ്പോര്‍ട്ട് അവസാനിപ്പിക്കും.

എക്സ് പി സപ്പോര്‍ട്ട് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ്‌ തങ്ങളുടെ വെബ്‌സൈറ്റില്‍, എന്തുകൊണ്ട് ? എന്ത് ? എങ്ങനെ ? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി  ഒരു പുതിയ പേജ്   ചേര്‍ത്തിരിക്കുന്നു. അതനുസരിച്ച് നിലവില്‍ വിന്‍ഡോസ്‌ എക്സ് പി ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് വിന്‍ഡോസ്‌ 7ലേക്കോ 8ലേക്കോ മാറാന്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ആ കമ്പ്യൂട്ടറുകള്‍ ആക്രമിക്കപ്പെടാന്‍ വര്‍ധിച്ച സാദ്ധ്യതകള്‍ ഉണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവിലെ കണക്കുകള്‍ അനുസരിച്ച് ലോകത്തെ കമ്പ്യൂട്ടര്‍ ഉപയോക്താക്കളില്‍ 17.6 ശതമാനം പേര്‍ വിന്‍ഡോസ്‌ എക്സ് പി ഉപയോഗിക്കുന്നു എന്ന് തെളിയിക്കുന്നു. നിങ്ങള്‍ അതില്‍ ഒരാളാണോ ? എങ്കില്‍ അത് നിങ്ങളെയും ബാധിച്ചേക്കാം. അതിനാല്‍ എത്രയും പെട്ടെന്ന്  ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുക.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വിന്‍ഡോസ്‌ 7 എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് ഇവിടെയും വിന്‍ഡോസ്‌ 8 എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്ന് ഇവിടെയും വായിക്കാം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനപ്രദമായി എന്ന് കരുതുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ എഴുതുക.



Thursday, December 13, 2012

ബി എസ് എന്‍ എല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

ബി എസ് എന്‍ എല്‍ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.bsnl.co.in/ അനോണിമസ് എന്ന ഹാക്കര്‍ സംഘം ഇന്ന് രാവിലെ (13-12-2012) രാവിലെ ഹാക്ക് ചെയ്തു. വെബ്സൈറ്റിന്റെ ഹോം പേജില്‍ ഹാക്കര്‍മാര്‍ എഴുതിയ സന്ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്‌ സെക്ഷന്‍ 66എ ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിക്കുന്നു. സെക്ഷന്‍ 66എ ഇന്റര്‍നെറ്റ്‌ മുതലായ വാര്‍ത്താവിനിമയ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉള്ളതാണ്.  കാര്‍ടൂണിസ്റ്റ് അസീം ത്രിവേദിയെയും അലോക് ദീക്ഷിത് നെയും അനുകൂലിച്ചുകൊണ്ടാണ് ഹാക്കിംഗ് നടത്തിയത് എന്നും കാണാന്‍ കഴിഞ്ഞു. അസീം ത്രിവേദിയുടെ ഫോട്ടോയും ഡീഫേസ് പേജില്‍ കൊടുത്തിരുന്നു. 



ഈ ഹാക്കിലൂടെ ബി എസ് എന്‍ എലിന്റെ 250 ഡാറ്റാബേസുകള്‍ ഡിലീറ്റ് ചെയ്തു എന്ന് അവര്‍ അവകാശപ്പെടുന്നു. അതിന്റെ പാസ്സ്‌വേര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവര്‍ ഒരു പേസ്റ്റ്ബിന്‍ പേസ്റ്റിലൂടെ പരസ്യപ്പെടുത്തി. അവിടെ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ബി എസ് എന്‍ എലിന് അവരുടെ ഡാറ്റാബേസുകളുടെ സുരക്ഷയില്‍ യാതൊരു താല്‍പര്യവും ഇല്ലെന്നു മനസിലാക്കാം. കാരണം വളരെ അരക്ഷിതമായ പാസ്സ്‌വേര്‍ഡുകളുടെ ഗണത്തില്‍ പെടുന്ന 'Password123' എന്ന പാസ്സ്‌വേര്‍ഡ്‌ ആണ് അവര്‍ 9 ഡാറ്റാബേസുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല വളരെ എളുപ്പത്തില്‍ കണ്ടെത്താവുന്ന "password", "vpt123", "enquiry999" മുതലായ പാസ്സ്‌വേര്‍ഡുകളും ഉപയോഗിച്ചിരിക്കുന്നു. ഇതില്‍ നിന്നുതന്നെ അവരുടെ സുരക്ഷാ ബോധത്തെപ്പറ്റി നമുക്ക് മനസിലാക്കാം.

ഇതിനു മുന്‍പും ബി എസ് എന്‍ എല്‍ വെബ്സൈറ്റ് പലതവണ ഹാക്ക് ചെയ്യപ്പെട്ടിടുണ്ട്. അതില്‍ നിന്നൊന്നും അവര്‍ പാഠം പഠിച്ചില്ല എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ഈ വര്ഷം മെയ്‌ മാസത്തില്‍ അനോണിമസ് റിലയന്‍സ് വെബ്സൈറ്റും, കഴിഞ്ഞ മാസം കേന്ദ്ര ഐടി മന്ത്രി കപില്‍ സിബലിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്തിരുന്നു.

അപ്ഡേറ്റ് : വൈകുന്നേരം ഏഴരയോടെ ബി എസ് എന്‍ എല്‍ വെബ്സൈറ്റ് സാധാരണ നിലയിലേക്ക് തിരിച്ചുവന്നു.

ഈ പോസ്റ്റ്‌ നിങ്ങള്ക്ക് പ്രയോജനപ്രദമായി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.




Tuesday, December 11, 2012

ഫേസ്ബുക്കും ജി മെയിലും പണിമുടക്കി

ഇന്റെര്‍നെറ്റിലെ നമ്പര്‍ വണ്‍ വെബ്സൈറ്റ് ആയ ഫേസ്ബുക്ക്‌ ഇന്ന് രാവിലെ (11-12-2012) പണിമുടക്കിയ കാര്യം നമ്മില്‍ മിക്കവാറും അറിഞ്ഞുകാണും. ഇന്നലെ രാത്രി ജി മെയില്‍ പണിമുടക്കിയ കാര്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് 18 മിനിറ്റേ ഉണ്ടായിരുന്നുള്ളു എങ്കില്‍ ഫേസ്ബുക്കിന്റെ ഈ പ്രശ്നം ചില രാജ്യങ്ങളില്‍ ഒരു മണിക്കൂറോളം സമയം നീണ്ടുനിന്നു എന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അതേസമയം ചില ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്‌ വെബ്സൈറ്റ് കിട്ടിയിരുന്നു എങ്കിലും ചിത്രങ്ങള്‍ ലോഡ് ചെയ്യുന്നതില്‍ തടസ്സം നേരിട്ടിരുന്നു. 


ഫേസ്ബുക്ക്‌ അധികൃതര്‍ ഇതിനെപ്പറ്റി പ്രതികരിച്ചപ്പോള്‍ പറഞ്ഞത് അവര്‍ അവരുടെ ഡി എന്‍ എസില്‍ ഒരു പ്രധാന മാറ്റം വരുത്തിയിരുന്നു, അതില്‍ സംഭവിച്ച പിഴവാണ് പ്രശ്നത്തിന് കാരണം എന്നാണ്. ഞങ്ങള്‍ പ്രശ്നം കണ്ടെത്തുകയും എത്രയും പെട്ടെന്ന് പരിഹരിക്കുകയും ചെയ്തു. സേവനങ്ങളില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.

പക്ഷെ ഇതിനിടെ ട്വിറ്ററില്‍ അനോണിമസ് ഓണര്‍ (@AnonymousOwn3r) എന്ന ഒരു വ്യക്തി പറഞ്ഞത് അദ്ദേഹം ആക്രമിച്ചിട്ടാണ് ഫേസ്ബുക്ക്‌ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായത് എന്നാണ്. ഫേസ്ബുക്ക്‌ വെബ്‌സൈറ്റില്‍ കുറെയധികം സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തിയതായി അദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ ഒരു പേസ്റ്റ്ബിന്‍ പേസ്റ്റില്‍ അതിനെപ്പറ്റി പറയുന്നു.

ഇനി ജി മെയിലിന്റെ കാര്യത്തിലേക്ക് കടക്കാം. ഗൂഗിളിന്റെ ആപ്പ് സ്റ്റാറ്റസ് ഡാഷ്ബോര്‍ഡില്‍ ജി മെയിലും, ഗൂഗിള്‍ ഡ്രൈവും ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു എന്ന് സൂചിപ്പിച്ചിരുന്നു. എങ്കിലും 18 മിനിറ്റുകള്‍ക്ക് ശേഷം വെബ്സൈറ്റുകള്‍ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യമായിരുന്നു ഗൂഗിള്‍ ക്രോം ബ്രൌസരിന്റെ ക്രാഷ് (റണ്‍ടൈം എറര്‍ ) വിവിധ ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഒരേസമയം ഈ പ്രശ്നം ദൃശ്യമായിരുന്നു.



ഈ പോസ്റ്റ്‌ പ്രയോജനപ്രദം ആയി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.



Sunday, December 9, 2012

ഒരു ഐപാഡ് വാങ്ങുമ്പോള്‍ നാലെണ്ണം സൗജന്യം..!!

"ഒരു ഐപാഡ് വാങ്ങുമ്പോള്‍ നാലെണ്ണം സൗജന്യം..!!"
ഓഫര്‍ എങ്ങനെയുണ്ട് ?  കിടിലന്‍ അല്ലേ?
എങ്കില്‍ ഇങ്ങനെ ഒരു ഓഫര്‍ ആരും കൊടുത്തിട്ടില്ല, പക്ഷെ കിട്ടി. ആ കഥയാണ് ഇവിടെ പറയുന്നത്.

സംഭവം നടന്നത് അങ്ങ് യുഎസ്എയില്‍ ആണ്. അവിടെ കഴിഞ്ഞയാഴ്ച്ച ഒരാള്‍ ക്രിസ്മസ് ഒക്കെയല്ലേ ഒരു ഐപാഡ് വാങ്ങിയേക്കാം എന്ന് വിചാരിച്ച് ബെസ്റ്റ്ബൈ എന്ന ഷോപ്പിംഗ്‌ വെബ്‌സൈറ്റില്‍ കയറി ഒരു ഐപാഡ് ഓര്‍ഡര്‍ ചെയ്തു. താമസിയാതെ അത് വീട്ടില്‍ വരുകയും ചെയ്തു. പക്ഷെ ഒരെണ്ണത്തിനു പകരം അഞ്ചെണ്ണത്തിന്റെ വലിയ ഒരു പെട്ടിയാണ് വീട്ടില്‍ വന്നത്. അമളി പറ്റിയ കാര്യം അയച്ച കമ്പനി അറിഞ്ഞതുമില്ല. 

ഈ അവസ്ഥയില്‍ നിങ്ങള്‍ ആണെങ്കില്‍ എന്ത് ചെയ്യും ? ഒന്ന്  മനസ്സില്‍ കണ്ടുനോക്കൂ.

എന്തൊക്കെ ആയാലും കിട്ടിയ ആള്‍ അത് കമ്പനിയെ അറിയിച്ചു. അപ്പോള്‍ കിട്ടിയ മറുപടി ആണ് അതിലും രസം. അവധിക്കാലം ഒക്കെയല്ലേ അഞ്ചെണ്ണവും നിങ്ങള്‍ തന്നെ വെച്ചോളൂ എന്ന്. വേണമെങ്കില്‍ ഐപാഡ് ഇല്ലാത്ത ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സമ്മാനിക്കാം എന്നും അവര്‍ പറഞ്ഞു.

ഇതൊക്കെ കഴിഞ്ഞു അടുത്ത ദിവസം യുഎസ്‌എയിലെ തന്നെ വേറൊരാള്‍ക്കും അഞ്ച് ഐപാഡ് ലഭിക്കുകയുണ്ടായി. അദ്ദേഹം കമ്പനിയുമായി ഫോണില്‍ ബന്ധപ്പെട്ടപോള്‍ ഒരെണ്ണം മാത്രമേ അയച്ചിട്ടുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നെങ്കിലും അവര്‍ തന്നെ തേടി വരും എന്ന പ്രതീക്ഷയില്‍ ആ ഐപാഡുകളുമായി അയാള്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു.

ഇങ്ങനെ രണ്ടു പേര്‍ക്ക് കിട്ടിയെങ്കില്‍ തീര്‍ച്ചയായും കുറെയധികം പേര്‍ക്ക് കിട്ടിയിട്ടുണ്ടാവും അല്ലേ ?

വിശ്വാസം വരുന്നില്ലേ ? എങ്കില്‍ ഇത് നോക്കിക്കോളൂ-

നിങ്ങള്‍ യുഎസ്എയില്‍ ആണോ ? എങ്കില്‍ ഒന്ന് ഓര്‍ഡര്‍ ചെയ്തു നോക്കൂ.. ചിലപ്പോ കിട്ടിയാലോ ?



Wednesday, November 28, 2012

മലയാളത്തിന് ഒരു സിനിമാ എന്‍സൈക്ളോപീഡിയ

നമ്മില്‍ ഐഎംഡിബി (IMDb) എന്ന വെബ്സൈറ്റിനെപ്പറ്റി അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇന്റര്‍നെറ്റ്‌ മൂവി ഡാറ്റബേസ് എന്ന IMDbയില്‍ ലക്ഷക്കണക്കിന്‌ സിനിമകളേയും, ടി വി പരിപാടികളെയും, വീഡിയോ ഗെയിമുകളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. പക്ഷെ IMDbയില്‍ നമ്മുടെ  മലയാളം സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ കുറവാണ്. 




സിനിമ കാണാനും അതിനെപ്പറ്റി കൂടുതല്‍ അറിയാനും ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി മലയാളം സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു വെബ്സൈറ്റ് എന്നത് ഓരോ സിനിമാ പ്രേമിയുടെയും ആഗ്രഹമായിരുന്നു. കാരണം ഇന്ന് സിനിമാ നിരൂപണങ്ങളും സിനിമാ പ്രൊമോഷനുകളും ഇന്റര്‍നെറ്റിലേക്ക് കടന്നിരിക്കുന്നു. ഇന്ന് വിവര ശേഖരണത്തിനായി ഇന്റര്‍നെറ്റ്‌ ആണ് കൂടുതല്‍ ആശ്രയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ ഡാറ്റബേസ് കാലഘട്ടത്തിന്‍റെ ആവശ്യമായി മാറിയിരിക്കുന്നു. ഈ അവസരത്തില്‍ ആണ് ഒരു സമ്പൂര്‍ണ മലയാള സിനിമാ ഡാറ്റബേസ് എന്ന ആശയം പ്രസക്തമാകുന്നത്.

കോഴിക്കോടുള്ള മൂന്ന് വിദ്യാര്‍ഥികള്‍ ആണ് ഇങ്ങനെ ഒരു ആശയവുമായി മുന്നോട്ടുവന്നത്. അതിന്റെ ഫലമായി അവര്‍ രൂപം കൊടുത്ത വെബ്സൈറ്റ് ആണ് മലയാളം ഓണ്‍ലൈന്‍ മൂവി ഡാറ്റബേസ് (MOMdb). മലയാളത്തിലെ മുഴുവന്‍ സിനിമകളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു ഡാറ്റബേസ് എന്നതാണ് MOMdbയുടെ ലക്ഷ്യം. ഇപ്പോള്‍ ശൈശവദിശയിലുള്ള ഈ വെബ്സൈറ്റില്‍ 35 വര്‍ഷത്തെ സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിക്കിപീഡിയയില്‍ നിന്നും മറ്റിതര വെബ്സൈറ്റുകളില്‍നിന്നും നേരിട്ടും ശേഖരിച്ച വിവരങ്ങള്‍ , അവയുടെ വിശ്വാസ്യതയും പൂര്‍ണതയും ഉറപ്പുവരുത്തിയതിനുശേഷമാണ് ഡാറ്റബേസിലേക്ക് ചേര്‍ക്കുന്നത്. 

Actor, Director, Year, Genre, Writer എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സിനിമകള്‍ തിരഞ്ഞു കണ്ടെത്താവുന്നതാണ്. മാത്രമല്ല ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം സിനിമകള്‍ റേറ്റ് ചെയ്യാനുള്ള സൗകര്യവും MOMdb ഒരുക്കിയിരിക്കുന്നു. ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ട്ടപ്പെട്ട സിനിമ, മോശമെന്ന് തോന്നിയ സിനിമ എന്നിവ ലിസ്റ്റ് ചെയ്യാവുന്നതാണ്.ഇതുപയോഗിച്ച് നമുക്ക് ഒരു മൂവി പ്രൊഫൈല്‍ ഉണ്ടാക്കാനും അത് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും സാധിക്കും. ആക്ഷന്‍, റൊമാന്‍സ്, കോമഡി, ക്രൈം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി സിനിമകള്‍ ക്രമീകരിച്ചിരിക്കുന്നു. മാത്രമല്ല സംവിധായകന്‍ , നിര്‍മാതാവ് , സംഗീതസംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി വിവരങ്ങള്‍ ലഭിക്കും. (ഉദാ: മേജര്‍ രവി, എം ജി ശ്രീകുമാര്‍ ). സുഹൃത്തുക്കളുമായി സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഫേസ്ബുക്ക്‌ കണക്റ്റ് MOMdbയില്‍ ഉപയോഗിച്ചിരിക്കുന്നു.

കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക: http://momdb.com

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനപ്രദമായി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക



Saturday, November 10, 2012

സ്പാം മെയിലുകളില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം

ലോകത്ത്‌ ഏറ്റവും കൂടുതല്‍ സ്പാം ഇമെയിലുകള്‍ അയക്കപ്പെടുന്ന രാജ്യം എന്ന 'പദവി' യു എസ് എയെ പിന്തള്ളി ഇന്ത്യ നേടി. ലോകത്തില്‍ അയക്കപ്പെടുന്ന ആറു സ്പാം ഇമെയിലുകളില്‍ ഒരെണ്ണം ഇന്ത്യയില്‍ നിന്നാണ്. ആകെ അയക്കപ്പെടുന്ന സ്പാം ഇമെയിലുകളില്‍ 16 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ മെയിലുകളില്‍ ഭൂരിഭാഗവും അയക്കപ്പെടുന്നത് ഹാക്കര്‍മാര്‍ കീഴടക്കിയ കമ്പ്യൂട്ടറുകളില്‍ നിന്നും ബോട്ട്നെറ്റുകളില്‍ നിന്നും ആണ്. 

ലോകത്തിലെ ആകെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളില്‍ 5.7 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കക്കും ചൈനയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരും ഇന്ത്യക്കാരാണ്. പക്ഷെ ഇന്ത്യയില്‍ ജനസംഖ്യയില്‍ ഏകദേശം 10 ശതമാനം മാത്രമേ ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നുള്ളൂ. ഒരു വെബ്സൈറ്റ് പറയുന്നതനുസരിച്ച് ഇന്ത്യയിലെ കമ്പ്യൂട്ടറുകളില്‍ ഭൂരിഭാഗവും വൈറസ്‌ ബാധിച്ചവ ആണ്. ഇത്തരം കമ്പ്യൂട്ടറുകള്‍ ചേര്‍ന്ന ബോട്ട്നെറ്റുകള്‍ ആണ് സ്പാം മെയിലുകള്‍ അയക്കാനും, ഹാനികരമായ സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കാനും, വ്യതിപരമായ വിവരങ്ങള്‍ ശേഖരിക്കാനും ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരെ അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. 

ഏറ്റവും കൂടുതല്‍ സ്പാം മെയിലുകള്‍ അയക്കുന്ന 12 രാജ്യങ്ങള്‍ ഇതാ.




ഇതൊക്ക കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ സ്പാം മെയിലുകള്‍ അയക്കുന്നത് ഇന്ത്യക്കാര്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. കാരണം വിദേശികളായ സ്പാമര്‍മാര്‍ക്ക് ഇന്ത്യയിലെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് സ്പാം ഇമെയിലുകള്‍ അയക്കാന്‍ ബോട്നെറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ ഉപയോകതാക്കളുടെ അജ്ഞത വിദേശ സ്പാമര്‍മാര്‍ മുതലെടുക്കുന്നു. 


നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇതിനു ഉപയോഗിക്കപ്പെടുന്നുണ്ടോ ? അത് എങ്ങനെ തടയാം എന്ന് നമുക്ക്‌ നോക്കാം.


  • സംശയകരമായ ഇമെയിലുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക: നാം ഒരു സ്പാം ഇമെയിലില്‍ ക്ലിക്ക് ചെയ്തു വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ നമുക്ക്‌ സ്പാം മെസ്സേജുകള്‍ കിട്ടാനുള്ള സാധ്യത കൂടുന്നു. കൂടുതല്‍ മെയിലിംഗ് ലിസ്ടുകളിലേക്ക് നിങ്ങളുടെ ഇമെയില്‍ ഐഡി ചേര്‍ക്കപ്പെട്ടേക്കാം.
  • അപരിചിതരില്‍നിന്നുള്ള ഇമെയിലുകള്‍ ശ്രദ്ധിക്കുക: അപരിചിതരില്‍ നിന്നുള്ള ഇമെയിലുകള്‍ പരമാവധി ഡിലീറ്റ് ചെയ്തുകളയുക. ഇത്തരം സ്പാം മെയിലുകളില്‍ ഹാനികരമായ പ്രോഗ്രാമുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അതുകൊണ്ട് അറ്റാച്മെന്റുകള്‍ ഒരുകാരണവശാലും തുറക്കരുത്.
  • ഒരിക്കലും പ്രതികരിക്കരുത്: ഇത്തരം സ്പാം ഇമെയിലുകള്‍ക്ക് യാതൊരു കാരണവശാലും മറുപടി അയക്കരുത്. അത് unsuscribe എന്ന് ആണെങ്കില്‍ പോലും. കാരണം ഇതുമൂലം നിങ്ങള്‍ ഇമെയിലുകള്‍ തുറന്നുവയിക്കുന്ന ഒരാള്‍ ആണെന്ന് അയക്കുന്നവര്‍ക്ക് മനസ്സിലാകുകയും പിന്നീട് അത് കൂടുതല്‍ സ്പാം ലഭിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോഴും ഇത് ബാധകമാണ്.
  • കൂടുതല്‍ പേര്‍ക്ക് ഇമെയില്‍ അയക്കുമ്പോള്‍ BCC ഉപയോഗിക്കുക: ഒരു ഇമെയില്‍ കൂടുതല്‍ പേര്‍ക്ക് അയക്കേണ്ട അവസരങ്ങളില്‍ ബ്ലാങ്ക് കാര്‍ബണ്‍ കോപ്പി (BCC) ഉപയോഗിക്കുക. ഇത് മറ്റുള്ളവരുടെ ഇമെയില്‍ ഐഡികള്‍ രഹസ്യമായി സൂക്ഷിക്കാന്‍ സഹായിക്കും. അല്ലാത്തപക്ഷം ആ ഐഡികള്‍ കൂടി സ്പാമറുടെ മെയിലിംഗ് ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെട്ടേക്കാം.
  • വെബ്സൈറ്റുകളില്‍ ഇമെയില്‍ ഐഡി പങ്കുവയ്ക്കുമ്പോള്‍ശ്രദ്ധിക്കുക: സ്പമര്‍മാര്‍ മെയില്‍ അയക്കാന്‍ ഐഡികള്‍ കണ്ടെത്തുന്നതിനായി ബോട്ടുകള്‍ (സോഫ്റ്റ്‌വെയറുകള്‍ ) ഉപയോഗിക്കാറുണ്ട്. ഇത്തരം ബോട്ടുകള്‍ വെബ്സൈറ്റുകളിലൂടെ സഞ്ചരിച്ച് ഇമെയില്‍ ഐഡി കള്‍ ശേഖരിക്കുന്നു.
  • ഒന്നില്‍ കൂടുതല്‍ ഇമെയില്‍ ഐഡികള്‍ ഉപയോഗിക്കുക: ഇന്‍റര്‍നെറ്റില്‍ ഫോറങ്ങളും മറ്റും പൂരിപ്പിക്കുമ്പോള്‍ നിങ്ങളുടെ പ്രാഥമിക ഇമെയില്‍ ഐഡി കൊടുക്കാതെ മറ്റൊരു ഐഡി കൊടുക്കുക. 
  • താല്‍ക്കാലിക ഇമെയില്‍ ഐഡികള്‍ ഉപയോഗിക്കുക: ഏതാനും മിനിറ്റ് സമയത്തെ ആവശ്യത്തിനാണെങ്കില്‍ ഗറില്ല മെയില്‍ പോലെയുള്ള താല്‍ക്കാലിക ഇമെയില്‍ ഐഡി ഉപയോഗിക്കുക.
 അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.



പബ്ലിക്‌ വൈ ഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ന് കോളേജുകളിലും ഷോപ്പിംഗ് മാളുകളിലും മറ്റും സൗജന്യ വൈ ഫൈ സൗകര്യം ലഭ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ അപകടവശങ്ങള്‍ അറിയാതെ പലരും അത് അശ്രദ്ധമായി ഉപയോഗിക്കുന്നു. സുരക്ഷിതമല്ലാത്ത ഇത്തരം വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഹാക്കര്‍മാരുടെ വിഹാരകേന്ദ്രമാണ്. ആളുകളുടെ അറിവില്ലായ്മ മുതലെടുത്ത് അവര്‍ പാസ്സ്‌വേര്‍ഡ്‌കളും മറ്റ് സുപ്രധാന വിവരങ്ങളും ചോര്‍ത്തിയെടുത്തേക്കാം. അതുകൊണ്ട് ഇനി ഇത്തരം പബ്ലിക്‌ വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സില്‍ പിടിക്കുന്നത് നന്നായിരിക്കും.


  • നിങ്ങള്‍ സുരക്ഷിതരല്ല എന്ന് അറിയുക: ഒരു പബ്ലിക്‌ വൈ ഫൈ ഹോട്ട്സ്പോട്ടില്‍ നിങ്ങള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ അതേ നെറ്റ്‌വര്‍ക്കില്‍ തന്നെ ഒരു പക്ഷെ ഒരു ഹാക്കറും ഉണ്ടായേക്കാം. അയാള്‍ക്ക് നിങ്ങള്‍ നെറ്റ്‌വര്‍ക്കിലൂടെ കൈമാറുന്ന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്.
  • സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക: നിങ്ങളുടെ കമ്പ്യൂട്ടറില്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ഇന്‍കമിംഗ് കണക്ഷനുകള്‍ ഫയര്‍വാള്‍ ഉപയോഗിച്ച് ബ്ലോക്ക്‌ ചെയ്യുക.
  • നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ സംരക്ഷിക്കുക: ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന എന്തും ചോര്‍ത്താനായി കീലോഗര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ കഴിയും. പാസ്സ്‌വേര്‍ഡുകളും ഇതുപയോഗിച്ച് ചോര്‍ത്താനാകും. അതുകൊണ്ട് ലാസ്റ്റ്‌പാസ്‌ പോലെയുള്ള ഒരു പാസ്സ്‌വേര്‍ഡ്‌ മാനേജര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.
  • എല്ലായ്പ്പോഴും  എന്‍ക്രിപ്റ്റഡ് കണക്ഷന്‍ ഉപയോഗിക്കുക: https ഉള്ള വെബ്സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ നാം കൈമാറുന്ന വിവരങ്ങള്‍ കോഡ് ചെയ്യപ്പെട്ടതിനാല്‍ അത് രഹസ്യമയിരിക്കും. പക്ഷെ എല്ലാ വെബ്സൈറ്റുകളും https ഉപയോഗിക്കുന്നില്ല. അതുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായി https everywhere എന്ന ബ്രൌസര്‍ ആഡ്ഓണ്‍ ഉപയോഗിക്കാം.
  • ഉപയോഗിക്കുന്ന നെറ്റ്‌വര്‍ക്കിന്റെ പേര് ശ്രദ്ധിക്കുക: മറ്റുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്താനായി ഹാക്കര്‍മാര്‍ ഒരുപക്ഷെ ഒരു വ്യാജനെറ്റ്‌വര്‍ക്ക് ഉണ്ടാക്കിയേക്കാം. അതുകൊണ്ട് നിങ്ങള്‍ ഉപയോഗിക്കുന്നത് യഥാര്‍ത്ഥ നെറ്റ്‌വര്‍ക്ക് ആണെന്ന് ഉറപ്പുവരുത്തുക.
  • ശ്രദ്ധിക്കുക, ബുദ്ധി ഉപയോഗിക്കുക: എല്ലാ പബ്ലിക്‌ നെറ്റ്‌വര്‍ക്കുകളെയും സുരക്ഷിതമല്ലാത്ത നെറ്റ്‌വര്‍ക്കുകളായി വീക്ഷിക്കുക. മാത്രമല്ല ബാങ്കിംഗ്, ഷോപ്പിംഗ്‌ പോലെയുള്ള കാര്യങ്ങള്‍ ഇതുപയോഗിച്ച് ചെയ്യാതിരിക്കുക. നിങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ വൈ ഫൈയിലും പങ്കുവെക്കാതിരിക്കുക.
ദയവായി  അഭിപ്രായങ്ങള്‍ താഴെരേഖപ്പെടുത്തുക



Friday, November 9, 2012

മനുഷ്യമൂത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ വികസിപ്പിച്ചെടുത്തു

മനുഷ്യമൂത്രം കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ നാല് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. കേട്ടിട്ട് വിശ്വാസം വരുന്നില്ലേ ? 

സംഗതി സത്യമാണ്. ആഫ്രിക്കയിലെ ലാഗോസില്‍ ഇന്നലെ (8-11-2012) നടന്ന ഒരു ശാസ്ത്രമേളയിലാണ് സംഭവം നടന്നത്. ആരും തീരെ പ്രതീക്ഷിക്കാത്ത ഈ കണ്ടുപിടിത്തം Duro-Aina Adebola (14), Akindele Abiola (14), Faleke Oluwatoyin (14) and Bello Eniola (15) എന്നിവര്‍ ചേര്‍ന്നാണ് നടത്തിയത്. (പേര് വായിക്കാന്‍ കിട്ടാത്തതുകൊണ്ടാണ് ഇംഗ്ലീഷില്‍ എഴുതിയത്). ഒരു ലിറ്റര്‍ മൂത്രം ഉണ്ടെങ്കില്‍ ആറു മണിക്കൂര്‍ വൈദ്യുതി ലഭിക്കും എന്നാണ് അവര്‍ അവകാശപ്പെടുന്നത്. അവരും അവരുടെ യന്ത്രവും ഇതാ.



ഇനി  നമുക്ക്‌ ഇതിന്റെ പ്രവര്‍ത്തനരീതി നോക്കാം.


  • ആദ്യം ഒരു ഇലക്ട്രോലിറ്റിക് സെല്‍ ഉപയോഗിച്ച് മൂത്രത്തിലെ ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നു.
  • ഈ ഹൈഡ്രജന്‍ ഫില്‍റ്റര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച ശേഷം ഗ്യാസ് സിലിന്‍ഡറിലേക്ക് നിറയ്ക്കുന്നു.
  • പിന്നീട് ഈര്‍പ്പം ഒഴിവാക്കാനായി ഈ ഹൈഡ്രജന്‍ ദ്രാവക ബൊറാക്സ് അടങ്ങിയ മറ്റൊരു സിലിന്‍ഡറിലേക്ക് നിറയ്ക്കുന്നു.
  • ഇനി  ഈ ഹൈഡ്രജന്‍ ഗ്യാസ് ജനറേറ്ററിലേക്ക് കടത്തിവിട്ട് വൈദ്യുതി ഉണ്ടാക്കുന്നു.
 മറ്റു  ചിത്രങ്ങള്‍ ഇതാ.





ഇതിനെപ്പറ്റി നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു..?

ഇനി എന്തൊക്കെ കാണാനിരിക്കുന്നു അല്ലേ..?

നിങ്ങളുടെ  അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.

Source: http://makerfaireafrica.com/2012/11/06/a-urine-powered-generator/