Thursday, December 13, 2012

ബി എസ് എന്‍ എല്‍ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

ബി എസ് എന്‍ എല്‍ ഔദ്യോഗിക വെബ്സൈറ്റ് ആയ http://www.bsnl.co.in/ അനോണിമസ് എന്ന ഹാക്കര്‍ സംഘം ഇന്ന് രാവിലെ (13-12-2012) രാവിലെ ഹാക്ക് ചെയ്തു. വെബ്സൈറ്റിന്റെ ഹോം പേജില്‍ ഹാക്കര്‍മാര്‍ എഴുതിയ സന്ദേശത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്‌ സെക്ഷന്‍ 66എ ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിക്കുന്നു. സെക്ഷന്‍ 66എ ഇന്റര്‍നെറ്റ്‌ മുതലായ വാര്‍ത്താവിനിമയ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ഉള്ളതാണ്.  കാര്‍ടൂണിസ്റ്റ് അസീം ത്രിവേദിയെയും അലോക് ദീക്ഷിത് നെയും അനുകൂലിച്ചുകൊണ്ടാണ് ഹാക്കിംഗ് നടത്തിയത് എന്നും കാണാന്‍ കഴിഞ്ഞു. അസീം ത്രിവേദിയുടെ ഫോട്ടോയും ഡീഫേസ് പേജില്‍ കൊടുത്തിരുന്നു. 



ഈ ഹാക്കിലൂടെ ബി എസ് എന്‍ എലിന്റെ 250 ഡാറ്റാബേസുകള്‍ ഡിലീറ്റ് ചെയ്തു എന്ന് അവര്‍ അവകാശപ്പെടുന്നു. അതിന്റെ പാസ്സ്‌വേര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവര്‍ ഒരു പേസ്റ്റ്ബിന്‍ പേസ്റ്റിലൂടെ പരസ്യപ്പെടുത്തി. അവിടെ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ ബി എസ് എന്‍ എലിന് അവരുടെ ഡാറ്റാബേസുകളുടെ സുരക്ഷയില്‍ യാതൊരു താല്‍പര്യവും ഇല്ലെന്നു മനസിലാക്കാം. കാരണം വളരെ അരക്ഷിതമായ പാസ്സ്‌വേര്‍ഡുകളുടെ ഗണത്തില്‍ പെടുന്ന 'Password123' എന്ന പാസ്സ്‌വേര്‍ഡ്‌ ആണ് അവര്‍ 9 ഡാറ്റാബേസുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല വളരെ എളുപ്പത്തില്‍ കണ്ടെത്താവുന്ന "password", "vpt123", "enquiry999" മുതലായ പാസ്സ്‌വേര്‍ഡുകളും ഉപയോഗിച്ചിരിക്കുന്നു. ഇതില്‍ നിന്നുതന്നെ അവരുടെ സുരക്ഷാ ബോധത്തെപ്പറ്റി നമുക്ക് മനസിലാക്കാം.

ഇതിനു മുന്‍പും ബി എസ് എന്‍ എല്‍ വെബ്സൈറ്റ് പലതവണ ഹാക്ക് ചെയ്യപ്പെട്ടിടുണ്ട്. അതില്‍ നിന്നൊന്നും അവര്‍ പാഠം പഠിച്ചില്ല എന്നാണ് ഇപ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്. ഈ വര്ഷം മെയ്‌ മാസത്തില്‍ അനോണിമസ് റിലയന്‍സ് വെബ്സൈറ്റും, കഴിഞ്ഞ മാസം കേന്ദ്ര ഐടി മന്ത്രി കപില്‍ സിബലിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്തിരുന്നു.

അപ്ഡേറ്റ് : വൈകുന്നേരം ഏഴരയോടെ ബി എസ് എന്‍ എല്‍ വെബ്സൈറ്റ് സാധാരണ നിലയിലേക്ക് തിരിച്ചുവന്നു.

ഈ പോസ്റ്റ്‌ നിങ്ങള്ക്ക് പ്രയോജനപ്രദമായി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.




Tuesday, December 11, 2012

ഫേസ്ബുക്കും ജി മെയിലും പണിമുടക്കി

ഇന്റെര്‍നെറ്റിലെ നമ്പര്‍ വണ്‍ വെബ്സൈറ്റ് ആയ ഫേസ്ബുക്ക്‌ ഇന്ന് രാവിലെ (11-12-2012) പണിമുടക്കിയ കാര്യം നമ്മില്‍ മിക്കവാറും അറിഞ്ഞുകാണും. ഇന്നലെ രാത്രി ജി മെയില്‍ പണിമുടക്കിയ കാര്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് 18 മിനിറ്റേ ഉണ്ടായിരുന്നുള്ളു എങ്കില്‍ ഫേസ്ബുക്കിന്റെ ഈ പ്രശ്നം ചില രാജ്യങ്ങളില്‍ ഒരു മണിക്കൂറോളം സമയം നീണ്ടുനിന്നു എന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അതേസമയം ചില ഉപയോക്താക്കള്‍ക്ക് ഫേസ്ബുക്ക്‌ വെബ്സൈറ്റ് കിട്ടിയിരുന്നു എങ്കിലും ചിത്രങ്ങള്‍ ലോഡ് ചെയ്യുന്നതില്‍ തടസ്സം നേരിട്ടിരുന്നു. 


ഫേസ്ബുക്ക്‌ അധികൃതര്‍ ഇതിനെപ്പറ്റി പ്രതികരിച്ചപ്പോള്‍ പറഞ്ഞത് അവര്‍ അവരുടെ ഡി എന്‍ എസില്‍ ഒരു പ്രധാന മാറ്റം വരുത്തിയിരുന്നു, അതില്‍ സംഭവിച്ച പിഴവാണ് പ്രശ്നത്തിന് കാരണം എന്നാണ്. ഞങ്ങള്‍ പ്രശ്നം കണ്ടെത്തുകയും എത്രയും പെട്ടെന്ന് പരിഹരിക്കുകയും ചെയ്തു. സേവനങ്ങളില്‍ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നു, അവര്‍ കൂട്ടിച്ചേര്‍ത്തു.

പക്ഷെ ഇതിനിടെ ട്വിറ്ററില്‍ അനോണിമസ് ഓണര്‍ (@AnonymousOwn3r) എന്ന ഒരു വ്യക്തി പറഞ്ഞത് അദ്ദേഹം ആക്രമിച്ചിട്ടാണ് ഫേസ്ബുക്ക്‌ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായത് എന്നാണ്. ഫേസ്ബുക്ക്‌ വെബ്‌സൈറ്റില്‍ കുറെയധികം സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തിയതായി അദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ ഒരു പേസ്റ്റ്ബിന്‍ പേസ്റ്റില്‍ അതിനെപ്പറ്റി പറയുന്നു.

ഇനി ജി മെയിലിന്റെ കാര്യത്തിലേക്ക് കടക്കാം. ഗൂഗിളിന്റെ ആപ്പ് സ്റ്റാറ്റസ് ഡാഷ്ബോര്‍ഡില്‍ ജി മെയിലും, ഗൂഗിള്‍ ഡ്രൈവും ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു എന്ന് സൂചിപ്പിച്ചിരുന്നു. എങ്കിലും 18 മിനിറ്റുകള്‍ക്ക് ശേഷം വെബ്സൈറ്റുകള്‍ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവന്നു. ശ്രദ്ധേയമായ മറ്റൊരു കാര്യമായിരുന്നു ഗൂഗിള്‍ ക്രോം ബ്രൌസരിന്റെ ക്രാഷ് (റണ്‍ടൈം എറര്‍ ) വിവിധ ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഒരേസമയം ഈ പ്രശ്നം ദൃശ്യമായിരുന്നു.



ഈ പോസ്റ്റ്‌ പ്രയോജനപ്രദം ആയി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.



Sunday, December 9, 2012

ഒരു ഐപാഡ് വാങ്ങുമ്പോള്‍ നാലെണ്ണം സൗജന്യം..!!

"ഒരു ഐപാഡ് വാങ്ങുമ്പോള്‍ നാലെണ്ണം സൗജന്യം..!!"
ഓഫര്‍ എങ്ങനെയുണ്ട് ?  കിടിലന്‍ അല്ലേ?
എങ്കില്‍ ഇങ്ങനെ ഒരു ഓഫര്‍ ആരും കൊടുത്തിട്ടില്ല, പക്ഷെ കിട്ടി. ആ കഥയാണ് ഇവിടെ പറയുന്നത്.

സംഭവം നടന്നത് അങ്ങ് യുഎസ്എയില്‍ ആണ്. അവിടെ കഴിഞ്ഞയാഴ്ച്ച ഒരാള്‍ ക്രിസ്മസ് ഒക്കെയല്ലേ ഒരു ഐപാഡ് വാങ്ങിയേക്കാം എന്ന് വിചാരിച്ച് ബെസ്റ്റ്ബൈ എന്ന ഷോപ്പിംഗ്‌ വെബ്‌സൈറ്റില്‍ കയറി ഒരു ഐപാഡ് ഓര്‍ഡര്‍ ചെയ്തു. താമസിയാതെ അത് വീട്ടില്‍ വരുകയും ചെയ്തു. പക്ഷെ ഒരെണ്ണത്തിനു പകരം അഞ്ചെണ്ണത്തിന്റെ വലിയ ഒരു പെട്ടിയാണ് വീട്ടില്‍ വന്നത്. അമളി പറ്റിയ കാര്യം അയച്ച കമ്പനി അറിഞ്ഞതുമില്ല. 

ഈ അവസ്ഥയില്‍ നിങ്ങള്‍ ആണെങ്കില്‍ എന്ത് ചെയ്യും ? ഒന്ന്  മനസ്സില്‍ കണ്ടുനോക്കൂ.

എന്തൊക്കെ ആയാലും കിട്ടിയ ആള്‍ അത് കമ്പനിയെ അറിയിച്ചു. അപ്പോള്‍ കിട്ടിയ മറുപടി ആണ് അതിലും രസം. അവധിക്കാലം ഒക്കെയല്ലേ അഞ്ചെണ്ണവും നിങ്ങള്‍ തന്നെ വെച്ചോളൂ എന്ന്. വേണമെങ്കില്‍ ഐപാഡ് ഇല്ലാത്ത ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ സമ്മാനിക്കാം എന്നും അവര്‍ പറഞ്ഞു.

ഇതൊക്കെ കഴിഞ്ഞു അടുത്ത ദിവസം യുഎസ്‌എയിലെ തന്നെ വേറൊരാള്‍ക്കും അഞ്ച് ഐപാഡ് ലഭിക്കുകയുണ്ടായി. അദ്ദേഹം കമ്പനിയുമായി ഫോണില്‍ ബന്ധപ്പെട്ടപോള്‍ ഒരെണ്ണം മാത്രമേ അയച്ചിട്ടുള്ളൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നെങ്കിലും അവര്‍ തന്നെ തേടി വരും എന്ന പ്രതീക്ഷയില്‍ ആ ഐപാഡുകളുമായി അയാള്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്നു.

ഇങ്ങനെ രണ്ടു പേര്‍ക്ക് കിട്ടിയെങ്കില്‍ തീര്‍ച്ചയായും കുറെയധികം പേര്‍ക്ക് കിട്ടിയിട്ടുണ്ടാവും അല്ലേ ?

വിശ്വാസം വരുന്നില്ലേ ? എങ്കില്‍ ഇത് നോക്കിക്കോളൂ-

നിങ്ങള്‍ യുഎസ്എയില്‍ ആണോ ? എങ്കില്‍ ഒന്ന് ഓര്‍ഡര്‍ ചെയ്തു നോക്കൂ.. ചിലപ്പോ കിട്ടിയാലോ ?