Wednesday, November 28, 2012

മലയാളത്തിന് ഒരു സിനിമാ എന്‍സൈക്ളോപീഡിയ

നമ്മില്‍ ഐഎംഡിബി (IMDb) എന്ന വെബ്സൈറ്റിനെപ്പറ്റി അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇന്റര്‍നെറ്റ്‌ മൂവി ഡാറ്റബേസ് എന്ന IMDbയില്‍ ലക്ഷക്കണക്കിന്‌ സിനിമകളേയും, ടി വി പരിപാടികളെയും, വീഡിയോ ഗെയിമുകളെയും സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. പക്ഷെ IMDbയില്‍ നമ്മുടെ  മലയാളം സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ കുറവാണ്. 




സിനിമ കാണാനും അതിനെപ്പറ്റി കൂടുതല്‍ അറിയാനും ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി മലയാളം സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു വെബ്സൈറ്റ് എന്നത് ഓരോ സിനിമാ പ്രേമിയുടെയും ആഗ്രഹമായിരുന്നു. കാരണം ഇന്ന് സിനിമാ നിരൂപണങ്ങളും സിനിമാ പ്രൊമോഷനുകളും ഇന്റര്‍നെറ്റിലേക്ക് കടന്നിരിക്കുന്നു. ഇന്ന് വിവര ശേഖരണത്തിനായി ഇന്റര്‍നെറ്റ്‌ ആണ് കൂടുതല്‍ ആശ്രയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമ്പൂര്‍ണ ഡാറ്റബേസ് കാലഘട്ടത്തിന്‍റെ ആവശ്യമായി മാറിയിരിക്കുന്നു. ഈ അവസരത്തില്‍ ആണ് ഒരു സമ്പൂര്‍ണ മലയാള സിനിമാ ഡാറ്റബേസ് എന്ന ആശയം പ്രസക്തമാകുന്നത്.

കോഴിക്കോടുള്ള മൂന്ന് വിദ്യാര്‍ഥികള്‍ ആണ് ഇങ്ങനെ ഒരു ആശയവുമായി മുന്നോട്ടുവന്നത്. അതിന്റെ ഫലമായി അവര്‍ രൂപം കൊടുത്ത വെബ്സൈറ്റ് ആണ് മലയാളം ഓണ്‍ലൈന്‍ മൂവി ഡാറ്റബേസ് (MOMdb). മലയാളത്തിലെ മുഴുവന്‍ സിനിമകളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ ഒരു ഡാറ്റബേസ് എന്നതാണ് MOMdbയുടെ ലക്ഷ്യം. ഇപ്പോള്‍ ശൈശവദിശയിലുള്ള ഈ വെബ്സൈറ്റില്‍ 35 വര്‍ഷത്തെ സിനിമകളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വിക്കിപീഡിയയില്‍ നിന്നും മറ്റിതര വെബ്സൈറ്റുകളില്‍നിന്നും നേരിട്ടും ശേഖരിച്ച വിവരങ്ങള്‍ , അവയുടെ വിശ്വാസ്യതയും പൂര്‍ണതയും ഉറപ്പുവരുത്തിയതിനുശേഷമാണ് ഡാറ്റബേസിലേക്ക് ചേര്‍ക്കുന്നത്. 

Actor, Director, Year, Genre, Writer എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സിനിമകള്‍ തിരഞ്ഞു കണ്ടെത്താവുന്നതാണ്. മാത്രമല്ല ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം സിനിമകള്‍ റേറ്റ് ചെയ്യാനുള്ള സൗകര്യവും MOMdb ഒരുക്കിയിരിക്കുന്നു. ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ട്ടപ്പെട്ട സിനിമ, മോശമെന്ന് തോന്നിയ സിനിമ എന്നിവ ലിസ്റ്റ് ചെയ്യാവുന്നതാണ്.ഇതുപയോഗിച്ച് നമുക്ക് ഒരു മൂവി പ്രൊഫൈല്‍ ഉണ്ടാക്കാനും അത് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനും സാധിക്കും. ആക്ഷന്‍, റൊമാന്‍സ്, കോമഡി, ക്രൈം എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി സിനിമകള്‍ ക്രമീകരിച്ചിരിക്കുന്നു. മാത്രമല്ല സംവിധായകന്‍ , നിര്‍മാതാവ് , സംഗീതസംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി വിവരങ്ങള്‍ ലഭിക്കും. (ഉദാ: മേജര്‍ രവി, എം ജി ശ്രീകുമാര്‍ ). സുഹൃത്തുക്കളുമായി സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഫേസ്ബുക്ക്‌ കണക്റ്റ് MOMdbയില്‍ ഉപയോഗിച്ചിരിക്കുന്നു.

കൂടുതല്‍ അറിയാന്‍ സന്ദര്‍ശിക്കുക: http://momdb.com

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനപ്രദമായി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക



Saturday, November 10, 2012

സ്പാം മെയിലുകളില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനം

ലോകത്ത്‌ ഏറ്റവും കൂടുതല്‍ സ്പാം ഇമെയിലുകള്‍ അയക്കപ്പെടുന്ന രാജ്യം എന്ന 'പദവി' യു എസ് എയെ പിന്തള്ളി ഇന്ത്യ നേടി. ലോകത്തില്‍ അയക്കപ്പെടുന്ന ആറു സ്പാം ഇമെയിലുകളില്‍ ഒരെണ്ണം ഇന്ത്യയില്‍ നിന്നാണ്. ആകെ അയക്കപ്പെടുന്ന സ്പാം ഇമെയിലുകളില്‍ 16 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ മെയിലുകളില്‍ ഭൂരിഭാഗവും അയക്കപ്പെടുന്നത് ഹാക്കര്‍മാര്‍ കീഴടക്കിയ കമ്പ്യൂട്ടറുകളില്‍ നിന്നും ബോട്ട്നെറ്റുകളില്‍ നിന്നും ആണ്. 

ലോകത്തിലെ ആകെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളില്‍ 5.7 ശതമാനവും ഇന്ത്യയില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അമേരിക്കക്കും ചൈനയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരും ഇന്ത്യക്കാരാണ്. പക്ഷെ ഇന്ത്യയില്‍ ജനസംഖ്യയില്‍ ഏകദേശം 10 ശതമാനം മാത്രമേ ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നുള്ളൂ. ഒരു വെബ്സൈറ്റ് പറയുന്നതനുസരിച്ച് ഇന്ത്യയിലെ കമ്പ്യൂട്ടറുകളില്‍ ഭൂരിഭാഗവും വൈറസ്‌ ബാധിച്ചവ ആണ്. ഇത്തരം കമ്പ്യൂട്ടറുകള്‍ ചേര്‍ന്ന ബോട്ട്നെറ്റുകള്‍ ആണ് സ്പാം മെയിലുകള്‍ അയക്കാനും, ഹാനികരമായ സോഫ്റ്റ്‌വെയര്‍ പ്രചരിപ്പിക്കാനും, വ്യതിപരമായ വിവരങ്ങള്‍ ശേഖരിക്കാനും ഹാക്കര്‍മാര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെതിരെ അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. 

ഏറ്റവും കൂടുതല്‍ സ്പാം മെയിലുകള്‍ അയക്കുന്ന 12 രാജ്യങ്ങള്‍ ഇതാ.




ഇതൊക്ക കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ സ്പാം മെയിലുകള്‍ അയക്കുന്നത് ഇന്ത്യക്കാര്‍ ആണെന്ന് തെറ്റിദ്ധരിക്കരുത്. കാരണം വിദേശികളായ സ്പാമര്‍മാര്‍ക്ക് ഇന്ത്യയിലെ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് സ്പാം ഇമെയിലുകള്‍ അയക്കാന്‍ ബോട്നെറ്റുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ ഉപയോകതാക്കളുടെ അജ്ഞത വിദേശ സ്പാമര്‍മാര്‍ മുതലെടുക്കുന്നു. 


നിങ്ങളുടെ കമ്പ്യൂട്ടര്‍ ഇതിനു ഉപയോഗിക്കപ്പെടുന്നുണ്ടോ ? അത് എങ്ങനെ തടയാം എന്ന് നമുക്ക്‌ നോക്കാം.


  • സംശയകരമായ ഇമെയിലുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക: നാം ഒരു സ്പാം ഇമെയിലില്‍ ക്ലിക്ക് ചെയ്തു വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ നമുക്ക്‌ സ്പാം മെസ്സേജുകള്‍ കിട്ടാനുള്ള സാധ്യത കൂടുന്നു. കൂടുതല്‍ മെയിലിംഗ് ലിസ്ടുകളിലേക്ക് നിങ്ങളുടെ ഇമെയില്‍ ഐഡി ചേര്‍ക്കപ്പെട്ടേക്കാം.
  • അപരിചിതരില്‍നിന്നുള്ള ഇമെയിലുകള്‍ ശ്രദ്ധിക്കുക: അപരിചിതരില്‍ നിന്നുള്ള ഇമെയിലുകള്‍ പരമാവധി ഡിലീറ്റ് ചെയ്തുകളയുക. ഇത്തരം സ്പാം മെയിലുകളില്‍ ഹാനികരമായ പ്രോഗ്രാമുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. അതുകൊണ്ട് അറ്റാച്മെന്റുകള്‍ ഒരുകാരണവശാലും തുറക്കരുത്.
  • ഒരിക്കലും പ്രതികരിക്കരുത്: ഇത്തരം സ്പാം ഇമെയിലുകള്‍ക്ക് യാതൊരു കാരണവശാലും മറുപടി അയക്കരുത്. അത് unsuscribe എന്ന് ആണെങ്കില്‍ പോലും. കാരണം ഇതുമൂലം നിങ്ങള്‍ ഇമെയിലുകള്‍ തുറന്നുവയിക്കുന്ന ഒരാള്‍ ആണെന്ന് അയക്കുന്നവര്‍ക്ക് മനസ്സിലാകുകയും പിന്നീട് അത് കൂടുതല്‍ സ്പാം ലഭിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോഴും ഇത് ബാധകമാണ്.
  • കൂടുതല്‍ പേര്‍ക്ക് ഇമെയില്‍ അയക്കുമ്പോള്‍ BCC ഉപയോഗിക്കുക: ഒരു ഇമെയില്‍ കൂടുതല്‍ പേര്‍ക്ക് അയക്കേണ്ട അവസരങ്ങളില്‍ ബ്ലാങ്ക് കാര്‍ബണ്‍ കോപ്പി (BCC) ഉപയോഗിക്കുക. ഇത് മറ്റുള്ളവരുടെ ഇമെയില്‍ ഐഡികള്‍ രഹസ്യമായി സൂക്ഷിക്കാന്‍ സഹായിക്കും. അല്ലാത്തപക്ഷം ആ ഐഡികള്‍ കൂടി സ്പാമറുടെ മെയിലിംഗ് ലിസ്റ്റിലേക്ക് ചേര്‍ക്കപ്പെട്ടേക്കാം.
  • വെബ്സൈറ്റുകളില്‍ ഇമെയില്‍ ഐഡി പങ്കുവയ്ക്കുമ്പോള്‍ശ്രദ്ധിക്കുക: സ്പമര്‍മാര്‍ മെയില്‍ അയക്കാന്‍ ഐഡികള്‍ കണ്ടെത്തുന്നതിനായി ബോട്ടുകള്‍ (സോഫ്റ്റ്‌വെയറുകള്‍ ) ഉപയോഗിക്കാറുണ്ട്. ഇത്തരം ബോട്ടുകള്‍ വെബ്സൈറ്റുകളിലൂടെ സഞ്ചരിച്ച് ഇമെയില്‍ ഐഡി കള്‍ ശേഖരിക്കുന്നു.
  • ഒന്നില്‍ കൂടുതല്‍ ഇമെയില്‍ ഐഡികള്‍ ഉപയോഗിക്കുക: ഇന്‍റര്‍നെറ്റില്‍ ഫോറങ്ങളും മറ്റും പൂരിപ്പിക്കുമ്പോള്‍ നിങ്ങളുടെ പ്രാഥമിക ഇമെയില്‍ ഐഡി കൊടുക്കാതെ മറ്റൊരു ഐഡി കൊടുക്കുക. 
  • താല്‍ക്കാലിക ഇമെയില്‍ ഐഡികള്‍ ഉപയോഗിക്കുക: ഏതാനും മിനിറ്റ് സമയത്തെ ആവശ്യത്തിനാണെങ്കില്‍ ഗറില്ല മെയില്‍ പോലെയുള്ള താല്‍ക്കാലിക ഇമെയില്‍ ഐഡി ഉപയോഗിക്കുക.
 അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.



പബ്ലിക്‌ വൈ ഫൈ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ന് കോളേജുകളിലും ഷോപ്പിംഗ് മാളുകളിലും മറ്റും സൗജന്യ വൈ ഫൈ സൗകര്യം ലഭ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ അപകടവശങ്ങള്‍ അറിയാതെ പലരും അത് അശ്രദ്ധമായി ഉപയോഗിക്കുന്നു. സുരക്ഷിതമല്ലാത്ത ഇത്തരം വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഹാക്കര്‍മാരുടെ വിഹാരകേന്ദ്രമാണ്. ആളുകളുടെ അറിവില്ലായ്മ മുതലെടുത്ത് അവര്‍ പാസ്സ്‌വേര്‍ഡ്‌കളും മറ്റ് സുപ്രധാന വിവരങ്ങളും ചോര്‍ത്തിയെടുത്തേക്കാം. അതുകൊണ്ട് ഇനി ഇത്തരം പബ്ലിക്‌ വൈ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഉപയോഗിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സില്‍ പിടിക്കുന്നത് നന്നായിരിക്കും.


  • നിങ്ങള്‍ സുരക്ഷിതരല്ല എന്ന് അറിയുക: ഒരു പബ്ലിക്‌ വൈ ഫൈ ഹോട്ട്സ്പോട്ടില്‍ നിങ്ങള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ അതേ നെറ്റ്‌വര്‍ക്കില്‍ തന്നെ ഒരു പക്ഷെ ഒരു ഹാക്കറും ഉണ്ടായേക്കാം. അയാള്‍ക്ക് നിങ്ങള്‍ നെറ്റ്‌വര്‍ക്കിലൂടെ കൈമാറുന്ന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വളരെ എളുപ്പമാണ്.
  • സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുക: നിങ്ങളുടെ കമ്പ്യൂട്ടറില്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക. ഇന്‍കമിംഗ് കണക്ഷനുകള്‍ ഫയര്‍വാള്‍ ഉപയോഗിച്ച് ബ്ലോക്ക്‌ ചെയ്യുക.
  • നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ സംരക്ഷിക്കുക: ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്‍ ടൈപ്പ് ചെയ്യുന്ന എന്തും ചോര്‍ത്താനായി കീലോഗര്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ കഴിയും. പാസ്സ്‌വേര്‍ഡുകളും ഇതുപയോഗിച്ച് ചോര്‍ത്താനാകും. അതുകൊണ്ട് ലാസ്റ്റ്‌പാസ്‌ പോലെയുള്ള ഒരു പാസ്സ്‌വേര്‍ഡ്‌ മാനേജര്‍ ഉപയോഗിക്കുന്നത് നന്നായിരിക്കും.
  • എല്ലായ്പ്പോഴും  എന്‍ക്രിപ്റ്റഡ് കണക്ഷന്‍ ഉപയോഗിക്കുക: https ഉള്ള വെബ്സൈറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ നാം കൈമാറുന്ന വിവരങ്ങള്‍ കോഡ് ചെയ്യപ്പെട്ടതിനാല്‍ അത് രഹസ്യമയിരിക്കും. പക്ഷെ എല്ലാ വെബ്സൈറ്റുകളും https ഉപയോഗിക്കുന്നില്ല. അതുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായി https everywhere എന്ന ബ്രൌസര്‍ ആഡ്ഓണ്‍ ഉപയോഗിക്കാം.
  • ഉപയോഗിക്കുന്ന നെറ്റ്‌വര്‍ക്കിന്റെ പേര് ശ്രദ്ധിക്കുക: മറ്റുള്ളവരുടെ വിവരങ്ങള്‍ ചോര്‍ത്താനായി ഹാക്കര്‍മാര്‍ ഒരുപക്ഷെ ഒരു വ്യാജനെറ്റ്‌വര്‍ക്ക് ഉണ്ടാക്കിയേക്കാം. അതുകൊണ്ട് നിങ്ങള്‍ ഉപയോഗിക്കുന്നത് യഥാര്‍ത്ഥ നെറ്റ്‌വര്‍ക്ക് ആണെന്ന് ഉറപ്പുവരുത്തുക.
  • ശ്രദ്ധിക്കുക, ബുദ്ധി ഉപയോഗിക്കുക: എല്ലാ പബ്ലിക്‌ നെറ്റ്‌വര്‍ക്കുകളെയും സുരക്ഷിതമല്ലാത്ത നെറ്റ്‌വര്‍ക്കുകളായി വീക്ഷിക്കുക. മാത്രമല്ല ബാങ്കിംഗ്, ഷോപ്പിംഗ്‌ പോലെയുള്ള കാര്യങ്ങള്‍ ഇതുപയോഗിച്ച് ചെയ്യാതിരിക്കുക. നിങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ വൈ ഫൈയിലും പങ്കുവെക്കാതിരിക്കുക.
ദയവായി  അഭിപ്രായങ്ങള്‍ താഴെരേഖപ്പെടുത്തുക



Friday, November 9, 2012

മനുഷ്യമൂത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ വികസിപ്പിച്ചെടുത്തു

മനുഷ്യമൂത്രം കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ നാല് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. കേട്ടിട്ട് വിശ്വാസം വരുന്നില്ലേ ? 

സംഗതി സത്യമാണ്. ആഫ്രിക്കയിലെ ലാഗോസില്‍ ഇന്നലെ (8-11-2012) നടന്ന ഒരു ശാസ്ത്രമേളയിലാണ് സംഭവം നടന്നത്. ആരും തീരെ പ്രതീക്ഷിക്കാത്ത ഈ കണ്ടുപിടിത്തം Duro-Aina Adebola (14), Akindele Abiola (14), Faleke Oluwatoyin (14) and Bello Eniola (15) എന്നിവര്‍ ചേര്‍ന്നാണ് നടത്തിയത്. (പേര് വായിക്കാന്‍ കിട്ടാത്തതുകൊണ്ടാണ് ഇംഗ്ലീഷില്‍ എഴുതിയത്). ഒരു ലിറ്റര്‍ മൂത്രം ഉണ്ടെങ്കില്‍ ആറു മണിക്കൂര്‍ വൈദ്യുതി ലഭിക്കും എന്നാണ് അവര്‍ അവകാശപ്പെടുന്നത്. അവരും അവരുടെ യന്ത്രവും ഇതാ.



ഇനി  നമുക്ക്‌ ഇതിന്റെ പ്രവര്‍ത്തനരീതി നോക്കാം.


  • ആദ്യം ഒരു ഇലക്ട്രോലിറ്റിക് സെല്‍ ഉപയോഗിച്ച് മൂത്രത്തിലെ ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കുന്നു.
  • ഈ ഹൈഡ്രജന്‍ ഫില്‍റ്റര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ച ശേഷം ഗ്യാസ് സിലിന്‍ഡറിലേക്ക് നിറയ്ക്കുന്നു.
  • പിന്നീട് ഈര്‍പ്പം ഒഴിവാക്കാനായി ഈ ഹൈഡ്രജന്‍ ദ്രാവക ബൊറാക്സ് അടങ്ങിയ മറ്റൊരു സിലിന്‍ഡറിലേക്ക് നിറയ്ക്കുന്നു.
  • ഇനി  ഈ ഹൈഡ്രജന്‍ ഗ്യാസ് ജനറേറ്ററിലേക്ക് കടത്തിവിട്ട് വൈദ്യുതി ഉണ്ടാക്കുന്നു.
 മറ്റു  ചിത്രങ്ങള്‍ ഇതാ.





ഇതിനെപ്പറ്റി നിങ്ങള്‍ക്ക്‌ എന്തു തോന്നുന്നു..?

ഇനി എന്തൊക്കെ കാണാനിരിക്കുന്നു അല്ലേ..?

നിങ്ങളുടെ  അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.

Source: http://makerfaireafrica.com/2012/11/06/a-urine-powered-generator/



വിന്‍ഡോസ്‌ 8ല്‍ സ്റ്റാര്‍ട്ട്‌ മെനു തിരികെ കൊണ്ടുവരാം

ഇപ്പോള്‍ നിങ്ങള്‍ വിന്‍ഡോസ്‌ 8 ആണോ ഉപയോഗിക്കുന്നത് ? ആണെങ്കില്‍ തീര്‍ച്ചയായും വര്‍ഷങ്ങളോളം നിങ്ങള്‍ ഉപയോഗിച്ച ആ സ്റ്റാര്‍ട്ട്‌ മെനുവിന്‍റെ അഭാവം അനുഭവപ്പെടുന്നുണ്ടാവും അല്ലേ ? വിന്‍ഡോസ്‌ 8ന്റെ നിലവിലുള്ള സ്റ്റാര്‍ട്ട്‌ സ്ക്രീന്‍ വളരെയധികം പ്രയോജനപ്രദമാണെങ്കിലും സ്റ്റാര്‍ട്ട്‌ മെനു ഇല്ലാത്തത് ഒരു കുറവ് തന്നെയാണ്. കാരണം പ്രോഗ്രാമുകള്‍ എളുപ്പത്തില്‍ തുറക്കാനും ഫയലുകള്‍ എളുപ്പത്തില്‍ കണ്ടെത്താനും സ്റ്റാര്‍ട്ട്‌ മെനു ഉപകാരപ്രദമായിരുന്നു. പഴയ ആ മെനു ബട്ടണ്‍ തിരികെ വേണമെന്ന് ആഗ്രഹമുള്ളവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഒരു സോഫ്റ്റ്‌വെയറിനെപ്പറ്റിയാണ് പറയാന്‍ പോകുന്നത്.  

പവര്‍ 8 

സൗജന്യമായ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട്‌ മെനു തിരികെ കൊണ്ടുവരാന്‍ കഴിയും. വിന്‍ഡോസ്‌ 7 പോലെതന്നെ ഇടതുവശത്ത് പ്രോഗ്രാമുകളുടെ ലിസ്റ്റും സെര്‍ച്ച്‌ ബോക്സും, വലതുവശത്ത് കണ്ട്രോള്‍ പാനലും ഷട്ട്ഡൌണ്‍, റണ്‍ അങ്ങനെ എല്ലാം ഉണ്ട്. അതിന്റെ ഒരു സ്ക്രീന്‍ഷോട്ട് ഇതാ.



ഇനി ഈ സ്റ്റാര്‍ട്ട്‌ ബട്ടണില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ അതിന്റെ സെറ്റിംഗ്സ് മെനു ലഭിക്കും. അവിടെ സ്റ്റാര്‍ട്ട്‌ ബട്ടണ്‍ ചിത്രം മാറ്റാനും, അതിന്റെ വലിപ്പം ക്രമീകരിക്കാനും, ഓരോ തവണ വിന്‍ഡോസ്‌ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ആയി സോഫ്റ്റ്‌വെയര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാനും ഉള്ള ഓപ്ഷന്‍സ് ലഭ്യമാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ .Net Framework 4 അല്ലെങ്കില്‍ 4.5 ഉണ്ടായിരിക്കണം. (ഇല്ലെങ്കില്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം - 4 (ലിങ്ക്), 4.5 (ലിങ്ക്)).

 ഈ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. 

ദയവായി  അഭിപ്രായങ്ങള്‍ താഴെ എഴുതുമല്ലോ..



Thursday, November 8, 2012

വ്യാജ വിന്‍ഡോസ്‌ ഒറിജിനലാക്കാന്‍ സുവര്‍ണാവസരം

നിങ്ങളുടെ വിന്‍ഡോസ്‌ ഒറിജിനല്‍ ആണോ അതോ പൈറേറ്റഡ് ആണോ ? ആരെങ്കിലും ഇങ്ങനെ ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും...? കേരളത്തിലെ ഭൂരിഭാഗം പേരും വ്യാജ വിന്‍ഡോസ്‌ ആണ് ഉപയോഗിക്കുന്നത് എന്നും അത് നിയമവിരുദ്ധമാണെന്നും എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.

നിങ്ങള്‍ ഒറിജിനല്‍ വിന്‍ഡോസിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഒരാളാണോ ? എങ്കില്‍ ഇപ്പോഴാണ്‌ സുവര്‍ണ്ണാവസരം. കാരണം മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒ എസ് ആയ വിന്‍ഡോസ്‌ 8 ല്‍ ഇത് സാധ്യമാണ്. അതായത് നിങ്ങള്‍ വ്യാജ വിന്‍ഡോസ്‌ ആണ് ഉപയോഗിക്കുന്നതെങ്കിലും താരതമ്യേന വളരെ കുറഞ്ഞ ചെലവില്‍ അത് ഒറിജിനല്‍ വിന്‍ഡോസ്‌ 8 പ്രോയിലേക്ക് അപ്പ്‌ഗ്രേഡ് ചെയ്യാനാകും. വിന്‍ഡോസ്‌ 7, വിന്‍ഡോസ്‌ എക്സ് പി, വിന്‍ഡോസ്‌ വിസ്റ്റ എന്നീ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ആ അവസരം. അപ്പ്‌ഗ്രേഡ് ചെയ്യുമ്പോള്‍ നിലവിലുള്ള സോഫ്റ്റ്‌വെയര്‍ ഒറിജിനല്‍ ആണോ എന്ന് പരിശോധിക്കുന്ന നടപടി ഇല്ലാത്തതിനാലാണ് ഇത് സാധ്യമാകുന്നത്.


 

സാധാരണഗതിയില്‍ ഈ അപ്പ്‌ഗ്രേഡിന് 1999 രൂപയാണ് ചെലവ്, പക്ഷെ നിങ്ങള്ക്ക് ഒരു പ്രോമോ കോഡ് ഉണ്ടെങ്കില്‍ വെറും 699 രൂപ മതിയാകും. (യഥാര്‍ത്ഥ വിന്‍ഡോസ്‌ 7 ന് മാര്‍ക്കറ്റില്‍ ഏതാണ്ട് 4000 രൂപ ചെലവാകും എന്ന് ഓര്‍ക്കുക)

ഇനി എങ്ങനെ അപ്പ്‌ഗ്രേഡ് ചെയ്യാം എന്ന് നോക്കാം. അപ്പ്‌ഗ്രേഡ് ചെയ്യുവാനായി മോശമല്ലാത്ത സ്പീഡ്‌ ഉള്ള ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ആവശ്യമാണ്. പണം ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേനയോ പേപല്‍ മുഖേനയോ കൊടുക്കാവുന്നതാണ്. അപ്പ്‌ഗ്രേഡ് ചെയ്യാനായി ആദ്യം ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതിനുശേഷം ഡൌണ്‍ലോഡ് ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഫയല്‍ ഓപ്പണ്‍ ചെയ്തു അപ്പ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.

ഇനി പ്രോമോ കോഡ് എങ്ങനെ കണ്ടെത്താം എന്ന് നോക്കാം. അതിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതിനുശേഷം രാജ്യം തെരഞ്ഞെടുത്ത് മറ്റു വിവരങ്ങളും കൊടുത്തുകഴിയുമ്പോള്‍ പ്രോമോ കോഡ് ഇമെയിലില്‍ ലഭിക്കും ഇതുപയോഗിച്ച് 699 രൂപയ്ക്ക് വിന്‍ഡോസ്‌ അപ്പ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.

അപ്ഡേറ്റ്: ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി പ്രോമോ കോഡ് ലഭിക്കാനായി വിന്‍ഡോസ്‌ 7 കീ ആവശ്യപ്പെടുന്നുണ്ട്. അതായത് വിന്‍ഡോസ്‌ 7 കീ ഉണ്ടെങ്കില്‍ മാത്രമേ  699 രൂപയ്ക്ക് ഉപ്ഗ്രടെ ചെയ്യാന്‍ സാധിക്കൂ പക്ഷെ 1999 രൂപയ്ക്ക്‌ അപ്ഗ്രേഡ് ഇപ്പോഴും ലഭ്യമാണ്.

ഈ  പോസ്റ്റ്‌ പ്രയോജനപ്രദമായി എന്ന് കരുതുന്നു. അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.



Wednesday, November 7, 2012

ലിക്വിഡ്‌ കൂളിംഗ്‌ ലാപ്ടോപുകളിലേക്കും

ദ്രാവകങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ശീതീകരണ സംവിധാനം വിവിധവ്യവസായങ്ങളില്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നതാണ്. പക്ഷെ കമ്പ്യൂട്ടറുകളുടെ കാര്യത്തില്‍ ഈ സാങ്കേതികവിദ്യ പ്രവൃത്തിപഥത്തില്‍ വരാന്‍ കുറച്ചു കാലം എടുത്തു. 1982ല്‍ വികസിപ്പിച്ചെടുത്ത സൂപ്പര്‍ കമ്പ്യൂട്ടറായ ക്രേ-2 ല്‍ ആണ് ആദ്യമായി ദ്രാവക ശീതീകരണ സംവിധാനം ഉപയോഗിച്ചത്. അവിടെ കൂളന്‍റ് ആയി ഫ്ലൂറിനേര്‍ട്ട് എന്ന ദ്രാവകമാണ് ഉപയോഗിച്ചത്.  അതിനുശേഷം 90കളില്‍ പി സി കളിലേക്കും ഇത് വ്യാപിപ്പിച്ചു. പ്രധാനമായും പ്രോസ്സസര്‍ തണുപ്പിക്കാനാണ് ഇത് ഉപയോഗികുന്നത്. ഇതുപയോഗിക്കുമ്പോള്‍ ശബ്ദം വളരെ കുറവായിരിക്കും എന്ന് കൂടി മനസിലാക്കാം. 2003ല്‍ പുറത്തിറങ്ങിയ ആപ്പിളിന്റെ പവര്‍മാക് ജി 5 ആണ് ആദ്യമായി ദ്രാവക ശീതീകരണം ഉപയോഗിച്ച മുന്‍നിര കമ്പ്യൂട്ടര്‍. ഡെല്ലിന്റെ എലിയന്‍വെയര്‍ ഡെസ്ക്ടോപുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

പക്ഷെ ഇപ്പോള്‍ കമ്പ്യൂട്ടര്‍ കൂളിംഗ്‌ രംഗത്ത് മുന്‍നിര കമ്പനി ആയ ആസ്ടെക് ലാപ്ടോപ്പുകളില്‍ ഈ രീതി കൊണ്ടുവരുകയാണ്. ലാപ്ടോപ്പുകളിലും ഡെസ്ക്ടോപ്പുകളിലും ഉപയോഗിക്കാനാവുന്ന ഈ വിദ്യയെപ്പറ്റി അവര്‍ ഒരു വീഡിയോ പുറത്തിരിക്കിയിരിക്കുന്നു.




ഇവിടെ ഒരു Alienware M18x ഗെയിമിംഗ് ലാപ്ടോപില്‍ ലിക്വിഡ്‌ കൂളിംഗ്‌ ഉപയോഗിക്കുന്നതാണ് കാണുന്നത്. ഇതിനുള്ളില്‍ ഒരു ഇന്റെല്‍ കോര്‍ i7 3.5Ghz പ്രോസ്സസ്സറും രണ്ട് എഎംഡി റേഡോണ്‍ HD 6990M ഗ്രാഫിക് കാര്‍ഡുകളും ആണ് ഉള്ളത്. ഇത്തരം ലാപ്ടോപ്പുകളില്‍ രണ്ടോ മൂന്നോ വ്യത്യസ്ത കൂളിംഗ് സിസ്റ്റം ഉപയോഗിക്കാറാണ് പതിവ്. പക്ഷെ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ ദ്രാവകം ലാപ്ടോപ്പിന്റെ ആവശ്യമായ എല്ലാ ഭാഗങ്ങളിലേക്കും എത്തുന്നു അതുകൊണ്ടുതന്നെ കാര്യക്ഷമമായ കൂളിംഗ് നടക്കുന്നു.


കമ്പനി ഇതിന്റെ റിലീസിനെപ്പറ്റിയോ വിലയെപ്പറ്റിയോ ഒരു വിവരവും നല്‍കുന്നില്ലെങ്കിലും സമീപഭാവിയില്‍ ഇത് വിപണിയില്‍ ലഭ്യമാകും എന്ന് നമുക്ക്‌ പ്രതീക്ഷിക്കാം.


ഈ  പോസ്റ്റ്‌ ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.




ആന്‍ഡ്രോയിഡിന് 5 വയസ്സ് തികഞ്ഞു

ഇന്റര്‍നെറ്റ്‌ ഭീമനായ ഗൂഗിളിന്റെ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം ആയ ആന്‍ഡ്രോയിഡിന് കഴിഞ്ഞ ദിവസം അഞ്ചു വയസ്സ് തികഞ്ഞു.



നമുക്ക് ഇതിന്റെ ചരിത്രത്തെപ്പറ്റി ചെറുതായി ഒന്ന് ചിന്തിക്കാം. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2007 നവംബര്‍ 5നാണ് ഗൂഗിൾ നേതൃത്വം നൽകുന്ന ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന കൂട്ടായ്മ ആന്‍ഡ്രോയിഡിന് രൂപം നല്‍കുന്നത്. ആൻഡ്രോയ്ഡ് ആദ്യം നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ ഗൂഗിൾ ഏറ്റെടുത്തു അതിനുശേഷം ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന പേരില്‍ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ഇതിലൂടെയാണ് നമ്മുടെ ഇന്നത്തെ ആൻഡ്രോയിഡ രൂപം കൊണ്ടത്‌. പ്രധാനമായും ആൻഡ്രോയ്ഡിൽ ലിനക്സ് കെർണൽ അടിസ്ഥാനമാക്കിയുള്ള ഒരു കേർണലും, സി ഭാഷയിൽ എഴുതിയ മിഡിൽവെയർ, ലൈബ്രറി, എ.പി.ഐ. എന്നിവയും അപ്പാച്ചെ ഹാർമണി അടിസ്ഥാനമാക്കിയുള്ള ജാവ അധിഷ്ഠിതമായ ആപ്ലിക്കേഷൻ ഫ്രേംവർക്കും, ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും ഉൾക്കൊള്ളുന്നു. ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരം ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്ലേ മുഖേനയോ മറ്റു വെബ്സൈറ്റുകള്‍ മുഖേനയോ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം.

ജെല്ലി ബീന്‍ ലോഗോ
ആദ്യത്തെ ആൻഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ആയ എച്ച് ടി സി ഡ്രീം 2008 ഒക്ടോബറില്‍ പുറത്തിറങ്ങി. പക്ഷെ ഒരുവര്‍ഷത്തിനു ശേഷം ആന്‍ഡ്രോയിഡിന് വെല്ലുവിളിയായി ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കി. അന്നുമുതല്‍ ഇന്നോളം ഈ മല്‍സരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സമയം കൊണ്ട് ആൻഡ്രോയ്ഡ് ബീറ്റ, ആൻഡ്രോയ്ഡ് 1.0, ആൻഡ്രോയ്ഡ് 1.1, 1.5 കപ്പ്‌കേക്ക്, 1.6 ഡോനട്ട്, 2.0/2.1 എക്ലയര്‍, ആൻഡ്രോയ്ഡ് 2.2x ഫ്രോയോ, ആൻഡ്രോയ്ഡ് 2.3x ജിഞ്ചർബ്രഡ്, ആൻഡ്രോയ്ഡ് 3.x ഹണീകോമ്പ്, ആൻഡ്രോയ്ഡ് 4.0.x ഐസ്ക്രീം സാൻഡ്‌വിച്ച് ഇങ്ങനെ വന്നുവന്ന് ഇപ്പോള്‍ ആൻഡ്രോയ്ഡ് 4.1 ജെല്ലീബീനില്‍ എത്തി നില്‍ക്കുന്നു. എങ്കിലും ഇപ്പോഴും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് ജിഞ്ചർബ്രഡ് ആണ് 54 %.


ഇപ്പോള്‍ ഗൂഗിള്‍ അവകാശപ്പെടുന്നത് ശരിയാണെങ്കില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ 500 ദശലക്ഷം ആൻഡ്രോയ്ഡ് ഫോണുകള്‍ ആക്ടിവേറ്റ് ചെയ്യപ്പെട്ടിടുണ്ട്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (IDC) പറയുന്ന കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 75 ശതമാനവും കയ്യടക്കിയത് ആൻഡ്രോയ്ഡ് ആണ്.  ഐഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ ആൻഡ്രോയ്ഡ് ഒരു പരാജയം ആണെന്ന് പറയേണ്ടി വരും. ആൻഡ്രോയ്ഡ് മാല്‍വെയറുകള്‍ ദിവസേനയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ആൻഡ്രോയിഡിന്റെ വില്‍പ്പന കുതിച്ചുകയറുകയാണ്, 2011 നേക്കാള്‍ 91 ശതമാനമാണ് ആൻഡ്രോയ്ഡ് വിപണി വര്‍ധിച്ചതെന്ന്  IDC പറയുന്നു.

എന്തൊക്കെയായാലും ആൻഡ്രോയിഡിന്റെ ഈ അഞ്ചാം പിറന്നാള്‍ ഗൂഗിള്‍ അത്രയ്ക്ക് ആഘോഷിച്ചില്ല, എല്ലാവരും ഒരു ഗൂഗിള്‍ ഡൂഡില്‍ പ്രതീക്ഷിച്ചെങ്കിലും ഗൂഗിള്‍ അത് ചെയ്തില്ല. ഇനി ആൻഡ്രോയിഡിന്റെ ഭാവി എങ്ങനെ ആയിരിക്കും എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ദയവായി  അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.



Tuesday, November 6, 2012

റിസര്‍വ് ബാങ്കിന്റെ പേരില്‍ വ്യാജ സന്ദേശം പ്രചരിക്കുന്നു

റിസര്‍വ് ബാങ്കില്‍ നിന്ന് എന്ന വ്യാജേന ഇന്ത്യയില്‍ പ്രചരിക്കുന്ന ഒരു വ്യാജ ഇമെയിലിനെപ്പറ്റി ആണ് ഈ പോസ്റ്റ്‌. ഏതാനും മാസങ്ങളായി ഈ ഇമെയില്‍ പലര്‍ക്കും ലഭിച്ചു കഴിഞ്ഞു. ഒരുപക്ഷെ ഇത് നിങ്ങള്‍ക്കും ലഭിച്ചിരിക്കും.

റിസര്‍വ് ബാങ്ക് 'NetSecured' എന്ന പേരില്‍ ഒരു പുതിയ ഓണ്‍ലൈന്‍ ബാങ്കിംഗ് സുരക്ഷാ സംവിധാനം രൂപകല്‍പ്പന ചെയ്തതായും, ഈ സുരക്ഷ നിങ്ങളുടെ അക്കൗണ്ടില്‍ ലഭ്യമാകണമെങ്കില്‍ ഇമെയിലില്‍ പറഞ്ഞിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. Reserve Bank Of India എന്ന പേരില്‍ no-reply@rbi.com എന്ന ഇമെയില്‍ ഐഡിയില്‍നിന്നാണ് മെയിലുകള്‍ വന്നിട്ടുള്ളത്. ഇന്ത്യയിലുള്ള എല്ലാ ബാങ്ക് ഉപഭോക്താക്കളും നിര്‍ബന്ധമായും തങ്ങളുടെ അക്കൗണ്ടുകള്‍ ഇതില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അതില്‍ പറയുന്നു.

ഇനി നമുക്ക് ആ മെയില്‍ ഒന്ന് പരിശോധിക്കാം.  ഇമെയില്‍ അയച്ച ഐഡി തന്നെ ആദ്യം ശ്രദ്ധിക്കുക. 'no-reply@rbi.com' എന്നാണ്. പക്ഷെ റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് http://www.rbi.org.in എന്നതാണ്. http://www.rbi.com എന്ന ഡോമൈന്‍ മറ്റൊരു വെബ്സൈറ്റിന്റേതാണ്. എങ്കിലും ഇമെയില്‍ സ്പൂഫിംഗ് എന്ന സാങ്കേതികവിദ്യയിലൂടെ ഒരു വ്യക്തിക്ക് ഏതൊരു ഇമെയില്‍ ഐഡി യില്‍ നിന്നും വ്യാജ മെയിലുകള്‍ അയക്കാന്‍ സാധിക്കും. 

ഇതിനെപ്പറ്റി റിസര്‍വ് ബാങ്ക് 2012 ഒക്ടോബര്‍ 12 ന് പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതില്‍ റിസര്‍വ് ബാങ്ക് അങ്ങനെ യാതൊരു സോഫ്റ്റ്‌വെയറും വികസിപ്പിച്ചിട്ടില്ല എന്നും, ഇത്തരം മെയിലുകള്‍ അയച്ചിട്ടില്ല എന്നും വ്യക്തമാക്കി. മാത്രമല്ല @rbi.com എന്ന എക്സ്റ്റന്‍ഷനില്‍ റിസര്‍വ് ബാങ്ക് ഇമെയിലുകള്‍ അയക്കാറില്ല എന്നും കൂട്ടിച്ചേര്‍ത്തു.

ഇത് ഒരു പിഷിംഗ് ഇമെയില്‍ ആണ്. (യഥാര്‍ത്ഥ ഇമെയില്‍ എന്ന വ്യാജേന ഇമെയില്‍ അയച്ച് വ്യാജ വെബ്സൈറ്റ് ഉപയോഗിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന രീതിയാണ്‌ പിഷിംഗ് എന്ന് അറിയപ്പെടുന്നത്) യാതൊരു കാരണവശാലും മെയിലിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ അക്കൗണ്ട്‌ വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുത്‌. ഇമെയിലില്‍ പറഞ്ഞിരിക്കുന്ന ആ ലിങ്ക് ( http://robinhicks.com.au/RBI-EDITED/RBI-EDITED/RBI/index.htm ) ഒറ്റനോട്ടത്തില്‍ തന്നെ തട്ടിപ്പാണെന്ന് മനസിലാക്കാവുന്നതാണ്. കാരണം അത് റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ല. ഈ വെബ്സൈറ്റിനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചാല്‍ Corina Stewart എന്ന വ്യക്തി 2011 ഡിസംബര്‍ 21ന് രജിസ്റ്റര്‍ ചെയ്തതാണെന്ന് മനസിലാക്കാം. മാത്രമല്ല ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തുകഴിയുമ്പോള്‍ എത്തുന്ന പേജില്‍ നിങ്ങളുടെ ബാങ്ക് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നു, അടുത്ത പേജില്‍ ആവശ്യപ്പെടുന്നത് പാസ്സ്‌വേര്‍ഡും, മൊബൈല്‍ ഫോണ്‍ നമ്പറും അടക്കമുള്ള വിവരങ്ങളാണ്. ഈ വിവരങ്ങള്‍ നാം വെബ്‌സൈറ്റില്‍ ടൈപ്പ് ചെയ്ത് രജിസ്റ്റര്‍ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ നമ്മുടെ സുപ്രധാന അക്കൗണ്ട്‌ വിവരങ്ങള്‍ അവരുടെ ഡാറ്റാബേസിലേക്ക് ചേര്‍ക്കപ്പെടുന്നു. ഇതുപയോഗിച്ച് ഹാക്കര്‍ക്ക് നമ്മുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. (സന്തോഷകരമെന്നു പറയട്ടെ ഇന്ന് ഉച്ചകഴിഞ്ഞ് മുകളില്‍ പറഞ്ഞ വെബ്സൈറ്റ് ഹോസ്റിംഗ് അക്കൗണ്ട് സസ്പെന്‍ഡ്‌ ചെയ്തതായി കാണപ്പെട്ടു) അറിയാതെ എങ്കിലും ഈ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ കൊടുത്തവര്‍ എത്രയും പെട്ടെന്ന് പാസ്സ്‌വേര്‍ഡ്‌ മാറ്റി അക്കൗണ്ട്‌ സുരക്ഷിതമാക്കുക. 

സാധാരണഗതിയില്‍ ബാങ്കുകള്‍ ഒരു സാഹചര്യത്തിലും പാസ്സ്‌വേര്‍ഡ്‌ പോലെയുള്ള സുപ്രധാന വിവരങ്ങള്‍ ഇമെയില്‍ മുഖേന ആവശ്യപ്പെടുകയില്ല എന്ന കാര്യം മനസ്സില്‍പിടിക്കുക. മാത്രമല്ല ബാങ്കിംഗ് വെബ്സൈറ്റുകള്‍ സുരക്ഷക്കായി ഡാറ്റ എന്‍ക്രിപ്ഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിക്കാറുണ്ട്. നാം സന്ദര്‍ശിക്കുന്ന വെബ്‌സൈറ്റില്‍ ഇത് ഉണ്ടെങ്കില്‍ അഡ്രെസ്സ് ബാറില്‍ https:// എന്നു കാണാന്‍ കഴിയും. (ചിത്രം കാണുക).
ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് സൈബര്‍ പോലീസിനെ വിവരം അറിയിക്കേണ്ടതാണ്. ഇതിനായി ടോള്‍ ഫ്രീ നമ്പറായ 1800 209 6789 എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ഈ നമ്പറില്‍ വിളിച്ച് ഇന്റെര്‍നെറ്റിലൂടെ ഉള്ള ഭീഷണിപ്പെടുത്തലുകളും, അശ്ലീല സന്ദേശങ്ങളും, തട്ടിപ്പുകളും മറ്റും റിപ്പോര്‍ട്ട്‌ ചെയ്യാവുന്നതാണ്.

ഈ പോസ്റ്റ്‌ ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു. ദയവായി അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.