Wednesday, November 7, 2012

Filled Under:
,

ആന്‍ഡ്രോയിഡിന് 5 വയസ്സ് തികഞ്ഞു

ഇന്റര്‍നെറ്റ്‌ ഭീമനായ ഗൂഗിളിന്റെ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം ആയ ആന്‍ഡ്രോയിഡിന് കഴിഞ്ഞ ദിവസം അഞ്ചു വയസ്സ് തികഞ്ഞു.



നമുക്ക് ഇതിന്റെ ചരിത്രത്തെപ്പറ്റി ചെറുതായി ഒന്ന് ചിന്തിക്കാം. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് 2007 നവംബര്‍ 5നാണ് ഗൂഗിൾ നേതൃത്വം നൽകുന്ന ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന കൂട്ടായ്മ ആന്‍ഡ്രോയിഡിന് രൂപം നല്‍കുന്നത്. ആൻഡ്രോയ്ഡ് ആദ്യം നിർമ്മിച്ചിരുന്ന ആൻഡ്രോയ്ഡ് ഇൻകോർപ്പറേഷൻ എന്ന കമ്പനിയെ ഗൂഗിൾ ഏറ്റെടുത്തു അതിനുശേഷം ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന പേരില്‍ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, ടെലികോം കമ്പനികളുടെ സഹകരണത്തോടെ മൊബൈൽ ഡിവൈസുകളുടെ ഓപ്പൺ സ്റ്റാൻഡേർഡിനായി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ഇതിലൂടെയാണ് നമ്മുടെ ഇന്നത്തെ ആൻഡ്രോയിഡ രൂപം കൊണ്ടത്‌. പ്രധാനമായും ആൻഡ്രോയ്ഡിൽ ലിനക്സ് കെർണൽ അടിസ്ഥാനമാക്കിയുള്ള ഒരു കേർണലും, സി ഭാഷയിൽ എഴുതിയ മിഡിൽവെയർ, ലൈബ്രറി, എ.പി.ഐ. എന്നിവയും അപ്പാച്ചെ ഹാർമണി അടിസ്ഥാനമാക്കിയുള്ള ജാവ അധിഷ്ഠിതമായ ആപ്ലിക്കേഷൻ ഫ്രേംവർക്കും, ആപ്ലിക്കേഷൻ സോഫ്റ്റ്വെയറും ഉൾക്കൊള്ളുന്നു. ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരം ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്ലേ മുഖേനയോ മറ്റു വെബ്സൈറ്റുകള്‍ മുഖേനയോ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം.

ജെല്ലി ബീന്‍ ലോഗോ
ആദ്യത്തെ ആൻഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ആയ എച്ച് ടി സി ഡ്രീം 2008 ഒക്ടോബറില്‍ പുറത്തിറങ്ങി. പക്ഷെ ഒരുവര്‍ഷത്തിനു ശേഷം ആന്‍ഡ്രോയിഡിന് വെല്ലുവിളിയായി ആപ്പിള്‍ ഐഫോണ്‍ പുറത്തിറക്കി. അന്നുമുതല്‍ ഇന്നോളം ഈ മല്‍സരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സമയം കൊണ്ട് ആൻഡ്രോയ്ഡ് ബീറ്റ, ആൻഡ്രോയ്ഡ് 1.0, ആൻഡ്രോയ്ഡ് 1.1, 1.5 കപ്പ്‌കേക്ക്, 1.6 ഡോനട്ട്, 2.0/2.1 എക്ലയര്‍, ആൻഡ്രോയ്ഡ് 2.2x ഫ്രോയോ, ആൻഡ്രോയ്ഡ് 2.3x ജിഞ്ചർബ്രഡ്, ആൻഡ്രോയ്ഡ് 3.x ഹണീകോമ്പ്, ആൻഡ്രോയ്ഡ് 4.0.x ഐസ്ക്രീം സാൻഡ്‌വിച്ച് ഇങ്ങനെ വന്നുവന്ന് ഇപ്പോള്‍ ആൻഡ്രോയ്ഡ് 4.1 ജെല്ലീബീനില്‍ എത്തി നില്‍ക്കുന്നു. എങ്കിലും ഇപ്പോഴും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് ജിഞ്ചർബ്രഡ് ആണ് 54 %.


ഇപ്പോള്‍ ഗൂഗിള്‍ അവകാശപ്പെടുന്നത് ശരിയാണെങ്കില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ വരെ 500 ദശലക്ഷം ആൻഡ്രോയ്ഡ് ഫോണുകള്‍ ആക്ടിവേറ്റ് ചെയ്യപ്പെട്ടിടുണ്ട്. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (IDC) പറയുന്ന കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 75 ശതമാനവും കയ്യടക്കിയത് ആൻഡ്രോയ്ഡ് ആണ്.  ഐഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ ആൻഡ്രോയ്ഡ് ഒരു പരാജയം ആണെന്ന് പറയേണ്ടി വരും. ആൻഡ്രോയ്ഡ് മാല്‍വെയറുകള്‍ ദിവസേനയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ആൻഡ്രോയിഡിന്റെ വില്‍പ്പന കുതിച്ചുകയറുകയാണ്, 2011 നേക്കാള്‍ 91 ശതമാനമാണ് ആൻഡ്രോയ്ഡ് വിപണി വര്‍ധിച്ചതെന്ന്  IDC പറയുന്നു.

എന്തൊക്കെയായാലും ആൻഡ്രോയിഡിന്റെ ഈ അഞ്ചാം പിറന്നാള്‍ ഗൂഗിള്‍ അത്രയ്ക്ക് ആഘോഷിച്ചില്ല, എല്ലാവരും ഒരു ഗൂഗിള്‍ ഡൂഡില്‍ പ്രതീക്ഷിച്ചെങ്കിലും ഗൂഗിള്‍ അത് ചെയ്തില്ല. ഇനി ആൻഡ്രോയിഡിന്റെ ഭാവി എങ്ങനെ ആയിരിക്കും എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

ദയവായി  അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.





1 comments: