Tuesday, June 26, 2012

Filled Under:
,

നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ കണ്ടെത്താന്‍ ഇമെയില്‍ അയച്ചാല്‍ മതിയോ ?

ഇന്നത്തെ  കാലത്ത് എല്ലാവരും മൊബൈല്‍ ഫോണ്‍ ഉപയോഗികുന്നവരാണ്. മൊബൈല്‍ ഫോണ്‍ നഷ്ട്ടപ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരത്തി കൊടുക്കണം എന്നും നമുക്കറിയാം. 
 'നമ്മുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അത് ട്രേസ് ചെയ്യാനായി cop@vsnl.net എന്ന ഇമെയില്‍ ഐഡി യിലേക്ക്‌ ഫോണിന്റെ IMEI നമ്പര്‍ ഉള്‍പ്പെടെ ഒരു സന്ദേശം അയച്ചാല്‍ മതിയാകും.' എന്ന  ഈ വാര്‍ത്ത‍ നമ്മള്‍ ദിനംപ്രതി എന്നപോലെ ഫേസ്ബുക്കിലും മറ്റു വെബ്സൈറ്റുകളിലും കാണുന്നതാണ്. 



നാം എല്ലാം കണ്ണുമടച്ച് ഷെയര്‍ ചെയ്ത ഈ വാര്‍ത്ത സത്യമാണോ എന്ന് പരിശോധിക്കാന്‍ ആരും ശ്രമിച്ചില്ല. ഞാന്‍ നടത്തിയ ഒരു ചെറിയ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യമാണ് ഇവിടെ പറയാന്‍ പോകുന്നത്.

ഈ  പോസ്റ്റില്‍ പറയുന്നത് നമ്മുടെ മൊബൈല്‍ ഫോണ്‍ നഷ്ട്ടപ്പെട്ടാല്‍ ആ ഫോണിന്റെ IMEI (International Mobile Equipment Identity) നമ്പര്‍ cop@vsnl.net എന്ന ഇമെയില്‍ ഐ ഡിയിലേക്ക് അയച്ചാല്‍ ആ ഫോണിന്റെ സിംകാര്‍ഡ്‌ മാറ്റിയാല്‍ പോലും അതിന്റെ കൃത്യമായ സ്ഥലംഅറിയാം എന്നാണ്. പോലീസില്‍ പരാതിപ്പെടെണ്ട ആവശ്യം ഇല്ല എന്നും പറയുന്നു. പക്ഷെ ഈ വിവരം തെറ്റാണ്. ഇവിടെ പറഞ്ഞിരിക്കുന്ന ഇമെയില്‍ ഐ ഡി ചെന്നൈ പോലീസ് കമ്മിഷണറുടെ ആണ്. (സംശയമുണ്ടെങ്കില്‍ ഈ ലിങ്ക് നോക്കാം). അതായത്‌ നമ്മള്‍ എവിടെനിന്ന് മെയില്‍ അയച്ചാലും അത് ചെന്നൈ പോലീസ് കമ്മിഷണറുടെ മെയില്‍ ബോക്സ്‌ലെക്കു പോകും. ഇതിനുമുന്‍പ്‌ ചെന്നൈ പോലീസ് മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയിട്ടുണ്ട്. (ഈ ലിങ്ക് നോക്കുക) ഒരുപക്ഷെ അവര്‍ ഇപ്പോഴും പരാതികള്‍ സ്വീകരിക്കുന്നുണ്ടാകാം. എങ്കിലും അത് അവരുടെ അധികാരപരിധിക്കുള്ളില്‍ നിന്നുള്ള മെയിലുകള്‍ മാത്രം ആയിരിക്കും. അതുകൊണ്ട് നമ്മുടെ മൊബൈല്‍ ഫോണ്‍ നഷ്ട്ടപ്പെട്ടാല്‍ ആദ്യം ചെയ്യേണ്ടത് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക എന്നത് തന്നെയാണ്. ഈ മെയില്‍ ഐ ഡിയിലേക്ക് ഇമെയില്‍ അയച്ച് പോലീസില്‍ പരാതികൊടുക്കാതെ വെറുതെ നോക്കിയിരുന്നാല്‍ നിങ്ങളുടെ മൊബൈല്‍ഫോണ്‍ തിരിച്ചുകിട്ടില്ല എന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്‌. (സംശയമുണ്ടെങ്കില്‍ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ട്‌ മെയില്‍ അയച്ചവരോട് ചോദിക്കാം, അല്ലെങ്കില്‍ ഇവിടെയോ , ഇവിടെയോ നോക്കാം).  ഇരുപത്തിനാല് മണിക്കൂര്‍ പോയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ട് പോലും ഒരു മറുപടിയും വന്നില്ല.

 ഇവിടെ പറയുന്നത് GPRS (General Packet Radio Service) ന്റെയും ഇന്റെര്‍നെറ്റിന്റെയും ഒരു സങ്കീര്‍ണമായ ശൃംഖലയിലൂടെ മൊബൈല്‍ഫോണിന്റെ സ്ഥാനം കണ്ടെത്തുന്നു എന്നാണ്. GPRS പ്രധാനമായി ഉപയോഗിക്കുന്നത് മൊബൈല്‍ഫോണിലൂടെയുള്ള ഡാറ്റ സേവനങ്ങള്‍ക്ക് ആണ്. (മൊബൈല്‍ ഇന്റര്‍നെറ്റ്‌ പോലെ). ഇനി മൊബൈല്‍ ഫോണിന്റെ സ്ഥാനം കണ്ടെത്തുനതെങ്ങനെയാണ് എന്ന് നോക്കാം. ഒരു പ്രവര്‍ത്തനക്ഷമമായ മൊബൈല്‍ ഫോണ്‍ സമീപത്തുള്ള ബേസ് സ്റ്റേഷനുകളുമായി (മൊബൈല്‍ ടവര്‍ ) നിരന്തരം ആശയവിനിമയം നടത്തുന്നു. അതായത്‌ നമ്മള്‍ ഫോണ്‍ വിളിക്കുന്നില്ല എങ്കില്‍ പോലും മൊബൈല്‍ ടവറുമായി  ആശയവിനിമയം നടക്കുന്നുണ്ട്. ഫോണ്‍ സ്വിച്ച് ഓഫ് ആണെങ്കില്‍ മാത്രമേ ആശയവിനിമയം നടക്കാതെ വരുന്നുള്ളൂ. നമ്മുടെ ഫോണിലേക്ക് ഒരു കോള്‍ വരുകയോ വിളിക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ മൊബൈല്‍ നെറ്റ്‌വര്‍ക്ക് നമുക്ക്‌ അടുത്തുള്ള ഏറ്റവും അനുയോജ്യമായ ടവര്‍ ഏതാണോ അതിലൂടെ വിവരങ്ങള്‍ കൈമാറുന്നു. അതായത്‌ ഒരേ സമയം ഒന്നില്‍ കൂടുതല്‍ ടവറുകളുമായി ഫോണ്‍ ബന്ധപ്പെടുന്നു.'ട്രയാങ്കുലേഷന്‍' എന്ന രീതിയിലൂടെ ആണ് പോലീസ് മൊബൈല്‍ഫോണിന്റെ സ്ഥാനം കണ്ടെത്തുന്നത്. ഫോണില്‍ നിന്നും ഓരോ ടവറിലെക്കും ഉള്ള സിഗ്നലിന്റെ അളവ് (strength) കണക്കാക്കി സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഏകദേശ സ്ഥാനം കണ്ടെത്തുകയാണ് അവര്‍ ചെയ്യുന്നത്. പുതിയ തരം ഫോണുകളില്‍ ഇതിനു ജി പി എസും ഉപയോഗിക്കുന്നു. അല്ലാതെ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചല്ല മൊബൈല്‍ ഫോണിന്റെ സ്ഥാനം കണ്ടെത്തുന്നത്.


ഈ വ്യാജ വാര്‍ത്ത‍ ഷെയര്‍ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുകയാണ്. ഇങ്ങനെ ആണെങ്കില്‍ ചെന്നൈ പോലീസ് കമ്മിഷണറുടെ മെയിലില്‍ ദിവസേന എത്ര ഇമെയിലുകള്‍ വരുമെന്ന് ആലോചിച്ചുനോക്കു. അതുകൊണ്ട് ദയവായി ഇത്തരം വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുക. ദയവായി ഈ വിവരം പരമാവധി ആളുകളില്‍ എത്തിക്കുക. നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ എഴുതുക.


ഇത് കൂടി കാണുക :





0 comments:

Post a Comment